അമേരിക്കൻ ഭരണകൂടത്തിൽ ‘എഐ’ യുദ്ധം; വൈസ് പ്രസിഡന്‍റ് വാൻസിന്റെ ഓഫീസിൽ നേരിട്ട് കൊമ്പുകോർത്ത് ട്രംപ് അനുകൂലികൾ

വാഷിംഗ്ടൺ: വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ സാന്നിധ്യത്തിൽ ട്രംപിന്‍റെ രണ്ട് അടുത്ത അനുയായികൾ തമ്മിൽ നടന്ന കടുത്ത വാഗ്വാദം അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതകൾ പുറത്തുകൊണ്ടുവന്നു. വൈറ്റ് ഹൗസ് എഐ ചീഫ് ഡേവിഡ് സാക്‌സും, പ്രമുഖ നിയമ ഉപദേഷ്ടാവ് മൈക്ക് ഡേവിസും തമ്മിലാണ് നവംബറിൽ നാടകീയമായ കൂടിക്കാഴ്ച നടന്നത്. സിലിക്കൺ വാലിയിലെ നിക്ഷേപകൻ കൂടിയായ സാക്‌സ്, എഐ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കി അമേരിക്കയ്ക്ക് ഈ രംഗത്ത് ലോകനേതൃത്വം നൽകാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന എഐ നിയമങ്ങൾ റദ്ദാക്കാനും കോൺഗ്രസിന്റെ ഇടപെടൽ പരിമിതപ്പെടുത്താനും അദ്ദേഹം ലക്ഷ്യമിടുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ എഐ സാങ്കേതികവിദ്യ അടിച്ചേൽപ്പിക്കുന്നത് അപകടകരമാണെന്ന് ഡേവിസ് വാദിക്കുന്നു. സാക്‌സ് കോൺഗ്രസിനെ നോക്കുകുത്തിയാക്കി വൻകിട ടെക് കമ്പനികളെ സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ജെ ഡി വാൻസിന്‍റെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഡേവിസ് അതീവ പ്രകോപിതനായാണ് സംസാരിച്ചത്. സാക്‌സ് രാജ്യത്തിന്മേൽ എഐ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ താൻ പ്രസിഡന്‍റ് ട്രംപിന്‍റെ ആഗ്രഹപ്രകാരം എഐ വിപ്ലവത്തിന് വേഗത കൂട്ടാനാണ് ശ്രമിക്കുന്നതെന്നും ഡേവിസ് അതിന് തടസ്സം നിൽക്കുകയാണെന്നും സാക്‌സ് തിരിച്ചടിച്ചു.

എഐ നയങ്ങളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്റ് ട്രംപ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനങ്ങളുടെ എഐ നിയന്ത്രണങ്ങൾ റദ്ദാക്കാൻ ലക്ഷ്യമിട്ട് അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പിട്ടു. എങ്കിലും മൈക്ക് ഡേവിസിനെപ്പോലെയുള്ളവരുടെ എതിർപ്പ് കാരണം ഈ വിഷയത്തിൽ ഭരണകൂടത്തിനുള്ളിൽ ഭിന്നത തുടരുകയാണ്.