ഗൂഗിളിന്റെ ഏറ്റവും ബുദ്ധിശാലിയായ എഐ; ജെമിനി 2.5 അവതരിപ്പിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിള്‍ എഐ മോഡലായ ജെമിനി 2.5 അവതരിപ്പിച്ചു. എഐ മോഡലുകളുടെ കാര്യത്തില്‍ ടെക് കമ്പനികള്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് തങ്ങളുടെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡല്‍ എന്ന അവകാശവാദത്തോടെ ഗൂഗിള്‍ ജെമിനി 2.5 അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച കോഡിംഗ്, മള്‍ട്ടിമോഡല്‍ കഴിവുകള്‍ എന്നിവയോടെയാണ് ജെമിനി 2.5 ന്റെ വരവെന്നും നിലവില്‍ ഈ മോഡല്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോയിലും ജെമിനി അഡ്വാന്‍സ്ഡിലും ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഴയ പതിപ്പിനേക്കാള്‍ വിപുലമാണ് ജെമിനി 2.5. യുക്തിസഹമായ കഴിവുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏത് വിവരവും വിശകലനം ചെയ്യാനും അതിന്റെ സന്ദര്‍ഭം മനസ്സിലാക്കാനും യുക്തിസഹമായ നിഗമനത്തിലെത്താനും ഇതിന് കഴിയും എന്നതാണ് പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. പുതിയ ജെമിനി വെബ്, കോഡ് ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതും കോഡ് പരിവര്‍ത്തന ജോലികള്‍ പൂര്‍ത്തിയാക്കുന്നതും എളുപ്പമാക്കുന്നു. ഇപ്പോള്‍ ഈ മോഡലിന് വലിയ ഡാറ്റാസെറ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, കോഡുകള്‍ എന്നിവ നന്നായി മനസിലാക്കാനും പ്രോസസ് ചെയ്യാനും കഴിയും. ഇത് ഡെവലപ്പര്‍മാര്‍ക്കും സംരംഭങ്ങള്‍ക്കും ബുദ്ധിമുട്ടുള്ള ജോലികള്‍ പരിഹരിക്കുന്നത് എളുപ്പമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.