
ഫ്ലോറിഡ: ഇന്ത്യാ-പാകിസ്ഥാൻ സൈനിക തർക്കം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഈ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാട് അവഗണിച്ചുകൊണ്ടാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ.
തന്‍റെ ഭരണകാലത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും അതിലൊന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. “എട്ട് യുദ്ധങ്ങൾ ഞാൻ തീർത്തു, പക്ഷേ ആ രാജ്യങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല. അസർബൈജാൻ… ഇന്ത്യ… പാകിസ്ഥാൻ… ഇങ്ങനെ എട്ടെണ്ണം,” ട്രംപ് പറഞ്ഞു. ലോകസമാധാനത്തിനായി ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. “പുടിൻ പോലും എന്നോട് പറഞ്ഞു, 10 വർഷമായി അദ്ദേഹം ശ്രമിക്കുന്ന കാര്യം ഞാൻ ഒറ്റദിവസം കൊണ്ട് തീർത്തുവെന്ന്. എന്നിട്ടും എനിക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അർമേനിയയും അസർബൈജാനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താൻ വ്യാപാര നിരോധനവും 200 ശതമാനം താരിഫും ഭീഷണി മുഴക്കിയതായും ട്രംപ് വെളിപ്പെടുത്തി. ഇതേ രീതിയിലുള്ള സമ്മർദ്ദമാണ് മറ്റ് രാജ്യങ്ങളിലും ഉപയോഗിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. 2025 മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.
ഉഭയകക്ഷി ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ഉണ്ടായതെന്നും ഇതിൽ അമേരിക്കയുടെ പങ്കില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.














