
വാഷിംഗ്ടൺ: യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ ആരംഭിച്ചതിൻ്റെ മൂന്നാം ദിവസം, ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള ചിക്കാഗോ നഗരത്തിന് അനുവദിച്ച 2.1 ബില്യൺ ഡോളറിൻ്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് തടഞ്ഞുവെച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബഡ്ജറ്റ് (OMB) ഡയറക്ടർ റസ്സൽ വോട്ട് പ്രഖ്യാപിച്ചു. ഇതോടെ ഫെഡറൽ ഫണ്ട് തടഞ്ഞുവെക്കുന്ന മറ്റൊരു ഡെമോക്രാറ്റിക് നഗരമായി ചിക്കാഗോ മാറി.
ഫണ്ട് തടഞ്ഞുവെച്ചത് ചിക്കാഗോയുടെ പ്രധാനപ്പെട്ട ഗതാഗത പദ്ധതികളെയാണ് ബാധിച്ചിരിക്കുന്നത്. റെഡ് ആൻഡ് പർപ്പിൾ മോഡേണൈസേഷൻ പ്രോജക്ടിന് അനുവദിച്ച ഫണ്ടാണ് മരവിപ്പിച്ചത്.
ഈ ഫണ്ട് തടഞ്ഞുവെച്ചതിൻ്റെ കാരണം വോട്ട് തൻ്റെ ‘എക്‌സ്’ (X) സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചു. “വംശീയ അടിസ്ഥാനത്തിലുള്ള കരാറുകൾ” (race-based contracting) വഴി ഫണ്ട് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും വോട്ട് കൂട്ടിച്ചേർത്തു.
“$2.1 ബില്യൺ വരുന്ന ചിക്കാഗോ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ—പ്രത്യേകിച്ച് റെഡ് ലൈൻ എക്സ്റ്റൻഷൻ, റെഡ് ആൻഡ് പർപ്പിൾ മോഡേണൈസേഷൻ പ്രോജക്ട്—വംശീയ അടിസ്ഥാനത്തിലുള്ള കരാറുകളിലൂടെ ഫണ്ട് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കാൻ തടഞ്ഞുവെച്ചിരിക്കുന്നു. യു.എസ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാൻസ്‌പോർട്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കും,” വോട്ട് എക്‌സ് പോസ്റ്റിൽ കുറിച്ചു.
ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ, ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഫണ്ട് മരവിപ്പിക്കൽ നടപടിക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.