വര്‍ഗീയത ആളിക്കത്തിക്കാന്‍ കാത്തിരിക്കുന്നവരുടെ കയ്യിലെ പാവയായി സര്‍ക്കാര്‍ മാറരുത്, കൊച്ചിയിലെ ഹിജാബ് വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്

കൊച്ചി: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അത്തരക്കാരുടെ കയ്യിലെ പാവയായി സര്‍ക്കാര്‍ മാറരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഹൈബി ഈഡന്‍ എം.പിയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും രമ്യമായി പരിഹരിച്ചതാണ്. വിഷയം അവിടെ അവസാനിച്ചതാണ്. എന്നിട്ടും എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു.

സാമൂഹിക അന്തരീക്ഷം വഷളാക്കുന്ന ഒരു കാര്യവും ചെയ്യരുത് എന്നതാണ് ഞങ്ങളുടെ അഭിപ്രായം. മുനമ്പം വിഷയത്തിലും അങ്ങനയാണ് ഞങ്ങള്‍ ഇടപെട്ടത്. വര്‍ഗീയ വിഷയമാക്കി തീര്‍ക്കാനാണ് ബി.ജെ.പി ഇടപെട്ടത്. സി.പി.എമ്മും കുടപിടിച്ചു കൊടുത്തു. എന്നാല്‍ ആ വിഷയത്തില്‍ പ്രതിപക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങളൊക്കെ സര്‍ക്കാരിന് അപ്പോള്‍ തന്നെ പരിഹരിക്കാവുന്നതായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളിക്കത്താതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സതീശൻകൂട്ടിച്ചേർത്തു.

വര്‍ഗീയത ആളിക്കത്തിക്കാന്‍ കാത്തിരിക്കുന്നവരുടെ കയ്യിലെ പാവയാകാനോ അവരുടെ കെണിയിലോ സര്‍ക്കാര്‍ പെട്ടുപോകരുത്. ഇത് മാധ്യമങ്ങളും ശ്രദ്ധിക്കണം. ചെറിയ വിഷയങ്ങള്‍ വലുതാക്കി സാമൂഹിക അന്തരീക്ഷം കേടാക്കരുത്. ഇക്കാര്യം സര്‍ക്കാരാണ് പറയേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം അവസരങ്ങളില്‍ സമാധാനിപ്പിക്കുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സതീശൻ വിവരിച്ചു.

More Stories from this section

family-dental
witywide