
വാഷിംഗ്ടണ്‍ : യുഎസില്‍ കാലിഫോര്‍ണിയന്‍ നാഷനല്‍ ഗാര്‍ഡിനെ ഓറിഗനിലേക്ക് വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം നിയമനടപടിക്ക്. ട്രംപിന്റെ നടപടി നിയമവാഴ്ചയ്ക്ക് നേരെയുള്ള പ്രകടമായ ആക്രമണമാണെന്ന് ന്യൂസം ആരോപിച്ചു.
ഓറിഗന്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള ട്രംപിന്റെ മുന്‍ ഉത്തരവ് ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആ വിധിയെ മറികടക്കാനെന്നോണം കലിഫോര്‍ണിയന്‍ സൈനികരെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് അയക്കാന്‍ പെന്റഗണ്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കോടതി ഉത്തരവിനെ മറികടക്കാനായി, ലൊസാഞ്ചലസില്‍ നേരത്തെ ഫെഡറല്‍ നിയന്ത്രണത്തിലാക്കിയ ഏകദേശം 300 കാലിഫോര്‍ണിയന്‍ നാഷനല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെയാണ് ഓറിഗനിലേക്ക് പുനര്‍വിന്യസിച്ചത്.
കാലിഫോര്‍ണിയയുടെ സൈനികരെ മറ്റൊരു സംസ്ഥാനത്തേക്ക്, അതിന്റെ ഗവര്‍ണറുടെ അനുമതിയില്ലാതെ, മറ്റൊരു ദൗത്യത്തിനായി അയയ്ക്കുന്നത് സംസ്ഥാന പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേസില്‍ ചൂണ്ടിക്കാട്ടുന്നു. ഒറിഗോണ്‍ അറ്റോര്‍ണി ജനറലും ഈ വിന്യാസത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂസോമിന്റെ കേസ് കേവലം രാഷ്ട്രീയ നാടകമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു.











