
കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കവെ ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ നടപടിയെടുത്ത് ജയിൽ വകുപ്പ്. കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രാഥമിക നടപടി കൈക്കൊണ്ടിരിക്കുന്നത്. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്നും ജയിൽ മേധാവി എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.
അതേസമയം ഗോവിന്ദച്ചാമി ജയിൽ ചാടി മണിക്കൂറുകൾക്കകം കണ്ണൂരിൽനിന്ന് പിടികൂടിയിരുന്നു. കറുത്ത പാൻ്റും ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. തളാപ്പിലെ ഡി സി സി ഓഫീസിനു സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. പുലർച്ചെ ഇവിടെ ഇയാളെ കണ്ടെന്ന വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായി. തിരച്ചിലിനെത്തിച്ച പൊലീസ് നായയും ഈ ഭാഗത്തേക്കാണ് നീങ്ങിയത്. പരിശോധനയ്ക്കൊടുവിൽ ആളില്ലാത്ത വീട്ടിലെ കിണറിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ വിവരമറിഞ്ഞത് ഏഴ് മണിയോടെയായിരുന്നു. ശേഷം സംസ്ഥാനത്താകെ വലിയ തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവിൽ മൂന്ന് മണിക്കൂറിനിപ്പുറം ഗോവിന്ദച്ചാമിയെ പിടികൂടാനായത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ് നൽകുന്നത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഗോവിന്ദച്ചാമി പിടിയിലായെങ്കിലും കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾ ആഭ്യന്തര വകുപ്പും സർക്കാരും നേരിടേണ്ടിവരും.