
കണ്ണൂര്‍: അതീവ സുരക്ഷാ സെല്ലിലായിരുന്ന ഗോവിന്ദച്ചാമിയെന്ന കൊടുംക്രൂരനായ പ്രതിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സെല്ലിനകത്ത്, അതും അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിച്ച് പുറത്തുകടക്കാനായതെന്ന സംശയമാണിപ്പോഴുള്ളത്. കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധം ജയില്‍ അധികൃതരില്‍നിന്ന് മറച്ചുവെക്കാനായതെങ്ങനെയെന്ന ചോദ്യവും ഉയരുന്നു.
വൈകിട്ട് 5 മണിയോടെ ജയില്‍പ്പുള്ളികളെ സെല്ലിനുള്ളിലാക്കിയിരുന്നു. ഇതിനു ശേഷം രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലില്‍നിന്ന് ചാടിയത്. കമ്പിമുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങിയാണ് മതിലിനടുത്ത് എത്തിയത്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനു മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി. ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇവയെല്ലാം വ്യക്തമാണ്.
പുലര്‍ച്ചെ 5 മണിയോടെ ജയില്‍ അധികൃതര്‍ മതിലില്‍ തുണി കണ്ടതോടെയാണ് പരിശോധന തുടങ്ങിയത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോള്‍ മാത്രമാണ് ചാടിപ്പോയത് ഇയാളാണെന്ന് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ജയില്‍ ചാട്ടം കഴിഞ്ഞ് നാലുമണിക്കൂര്‍ ആയിരുന്നു. രാവിലെ ആറു മണിയോടെ മാത്രമാണ് ജയില്‍ചാട്ടം ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചത്. രാവിലെ 7 മണിയോടെയാണ് പൊലീസ് പരിശോധന ആരംഭിച്ചതും സംസ്ഥാനത്താകമാനം വിവരം കൈമാറിയതും.