തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പ് സമയം പൂർത്തിയായി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം പോളിംഗ് 70% കടന്നു എന്നാണ് വ്യക്തമാകുന്നത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%). കൊല്ലം (67.86%), പത്തനംതിട്ട (64.78%), ആലപ്പുഴ (71.26%), കോട്ടയം (68.44%), ഇടുക്കി (68.45%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ ഏറ്റവും ഒടുവിൽ ലഭ്യമായ ഔദ്യോഗിക പോളിംഗ് ശതമാന കണക്ക്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും വരിയിൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
പൊതുവെ സമാധാനപരമാണ് വോട്ടെടുപ്പെങ്കിലും ചില സ്ഥലങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഏഴ് ജില്ലകളില്ലും മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി. ശബരിമല സ്വര്‍ണകൊള്ള ചര്‍ച്ചയാക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തിരിച്ചടി ആകില്ലന്നാണ് യു ഡി എഫ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പറേഷനുകളിലുള്‍പ്പെടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കനത്ത തിക്രോണ മത്സരം നടക്കുന്ന തിരുവനന്തപുരം ഇക്കുറി പ്രവചനാതീതമാണ്. സി പി എമ്മിനും ബി ജെ പിക്കും കോണ്‍ഗ്രസിനുമായി പ്രമുഖര്‍ രംഗത്തിറങ്ങിയതോടെ വലിയ വീറും വാശിയുമാണ് പ്രകടമായത്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് 11 നാണ്. അന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ വിധി കുറിക്കും.13 ന് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാം.









