
വാഷിംഗ്ടൺ: യുഎസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ( DHS) കാലങ്ങളായുള്ള എച്ച് 1 ബി ലോട്ടറി സമ്പ്രദായം നിർത്തലാക്കി, പകരം ശമ്പളത്തിനും തൊഴിൽ നൈപുണ്യത്തിനും മുൻഗണന നൽകുന്ന പുതിയ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുറഞ്ഞ ശമ്പളത്തിന് വിദേശ തൊഴിലാളികളെ എത്തിച്ച് അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് തടയാനും വിസ സമ്പ്രദായത്തിലെ ദുരുപയോഗം കുറയ്ക്കാനുമാണ് ഈ മാറ്റം.
ഇതുവരെ നിലനിന്നിരുന്ന നറുക്കെടുപ്പ് രീതിക്ക് പകരം ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള ‘വെയ്റ്റഡ് സെലക്ഷൻ’ (Weighted selection) നടപ്പിലാക്കും. കൂടുതൽ ശമ്പളവും ഉയർന്ന വൈദഗ്ധ്യവുമുള്ള അപേക്ഷകർക്ക് വിസ ലഭിക്കാൻ മുൻഗണന നൽകുന്ന രീതിയാണിത്. അപേക്ഷകന്റെ ജോലി ഏത് വേതന തലത്തിലാണ് (Wage Level 1 to 4) വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും സെലക്ഷൻ. ഉയർന്ന ലെവലിലുള്ളവർക്ക് കൂടുതൽ നറുക്കെടുപ്പ് എൻട്രികൾ ലഭിക്കും.
ഈ പുതിയ രീതി 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. 2027 സാമ്പത്തിക വർഷത്തേക്കുള്ള വിസ രജിസ്ട്രേഷൻ മുതൽ ഈ മാറ്റം ബാധകമായിരിക്കും. ഈ മാറ്റം പ്രധാനമായും ഇന്ത്യൻ ഐടി കമ്പനികളെയും അവിടേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളെയും ബാധിച്ചേക്കാം. എങ്കിലും ഉയർന്ന ശമ്പളമുള്ള വൈദഗ്ധ്യമുള്ളവർക്ക് ഇത് ഗുണകരമാണ്.
അതേസമയം, വാർഷിക വിസ പരിധിയിൽ മാറ്റമില്ല. സാധാരണ ക്വാട്ടയിൽ 65,000 വിസകളും അമേരിക്കയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി 20,000 വിസകളും തുടർന്നും ലഭ്യമാകും.
H-1B വിസ എന്നത് അമേരിക്കയിലെ കമ്പനികൾക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ്. അപേക്ഷകർക്ക് കുറഞ്ഞത് ഒരു ബാച്ചിലർ ബിരുദമോ അല്ലെങ്കിൽ അതിന് തുല്യമായ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. ഐടി, എഞ്ചിനീയറിംഗ്, സയൻസ്, മെഡിസിൻ തുടങ്ങിയ മേഖലകളിലാണ് സാധാരണയായി ഈ വിസ അനുവദിക്കുന്നത്. ഒരു വ്യക്തിക്ക് സ്വയം വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല; പകരം ഒരു അമേരിക്കൻ തൊഴിലുടമ അവർക്ക് വേണ്ടി വിസ സ്പോൺസർ ചെയ്യണം.
H-1B lottery system replaced by salary and skills-based system











