
വാഷിങ്ടണ്‍ : എച്ച്-1ബി വീസ ഫീസ് കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെ ട്രംപ് ഭരണകൂടം വീസ തിരഞ്ഞെടുപ്പ് പ്രക്രിയയിലും സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. ഉയര്‍ന്ന വൈദഗ്ധ്യമുള്ള, കൂടുതല്‍ വേതനം നല്‍കുന്ന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണ് പുതിയതായി കൊണ്ടുവരുന്നത്. ഇതിനായുള്ള നിര്‍ദ്ദേശം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു.
നിലവിലുള്ള ലോട്ടറി സംവിധാനം മാറ്റി, കൂടുതല്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് വീസ ലഭിക്കാന്‍ അവസരം നല്‍കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതോടെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക് വീസ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും. അപേക്ഷകരുടെ വേതന നിലവാരം അനുസരിച്ചായിരിക്കും മുന്‍ഗണന എന്ന് സാരം.
യുഎസ്സിലെ വേതന വര്‍ഗ്ഗീകരണ കണക്കുകളുടെ (OEWS Occupational Employment and Wage Statistics ) സഹായത്തോടെ അപേക്ഷകള്‍ക്ക് 1 മുതല്‍ 4 വരെ റാങ്കിംഗ് നല്‍കും. ഇതില്‍ ഉയര്‍ന്ന റാങ്കിംഗ് ലഭിക്കുന്നവര്‍ക്ക് സെലക്ഷന്‍ പൂളില്‍ കൂടുതല്‍ എന്‍ട്രികള്‍ നേടാനാകും. അതായത്, വേതന ലെവല്‍ 4 ഉള്ള ഒരാള്‍ക്ക് നാല് എന്‍ട്രികളും, വേതന ലെവല്‍ 1 ഉള്ള ഒരാള്‍ക്ക് ഒരു എന്‍ട്രിയുമാണ് ലഭിക്കുക. ചെറുകിട ബിസിനസ്സുകള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന ജീവനക്കാരെ നിയമിക്കുന്നതിന് ഈ പുതിയ സമ്പ്രദായം കൂടുതല്‍ സഹായകമാകും. കാരണം, നിലവിലുള്ള ലോട്ടറി സമ്പ്രദായത്തേക്കാള്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത അവര്‍ക്ക് വര്‍ദ്ധിക്കും. എച്ച്-1ബി തൊഴിലാളികളുടെ മൊത്തം വാര്‍ഷിക വരുമാനം പുതിയ നിയമം നടപ്പിലാക്കുന്ന ആദ്യ വര്‍ഷം ഏകദേശം 502 മില്യണ്‍ ഡോളര്‍ വരെ ഉയരുമെന്ന് ഡിഎച്ച്എസ് കണക്കാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് ട്രംപ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ എച്ച്-1ബി വീസയുടെ ഫീസ് 100,000 ഡോളറായി ഉയര്‍ത്തിയത്. വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നീക്കമായിരുന്നു ഇത്. ഒപ്പം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം.