
എച്ച്-1ബി വിസ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന് മനംമാറ്റമുണ്ടായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് രംഗത്ത്. വിദേശ തൊഴിലാളികളെ ദീര്‍ഘകാലത്തേക്ക് ആശ്രയിക്കുന്നതിന് പകരം ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനായി വിദേശികളെ താല്‍ക്കാലികമായി അമേരിക്കയിലേക്ക് കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ പുതിയ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയുടെ നിര്‍മ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ‘വിജ്ഞാന കൈമാറ്റ’ ശ്രമമായാണ് ട്രംപിന്റെ പുതിയ എച്ച്-1ബി വിസ സമീപനത്തെ ബെസ്സെന്റ് വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി പുറംകരാര്‍ നല്‍കുന്ന രീതിക്ക് പകരം യുഎസ് നിര്‍മ്മാണ മേഖലയെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പുതിയ സമീപനമെന്ന് അദ്ദേഹം അറിയിച്ചു.
വിരല്‍ ഞൊടിച്ചാല്‍ ഒറ്റരാത്രികൊണ്ട് കപ്പലുകള്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. സെമികണ്ടക്ടര്‍ വ്യവസായം യുഎസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അരിസോണയില്‍ വലിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ യുഎസ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി മൂന്നോ അഞ്ചോ ഏഴോ വര്‍ഷത്തേക്ക് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ കാഴ്ചപ്പാട്. അതിനുശേഷം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. യുഎസ് തൊഴിലാളികള്‍ ആ ജോലികള്‍ ഏറ്റെടുക്കും. വിദേശ പങ്കാളികള്‍ വന്ന് അമേരിക്കന്‍ തൊഴിലാളികളെ പഠിപ്പിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രതിഭകളെ യുഎസിലെത്തിക്കണമെന്ന് ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം ട്രംപ് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ചില പ്രത്യേക മേഖലകളില്‍ പ്രതിഭകളുടെ കുറവുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
H-1B Visa Trump’s new policy is to temporarily bring in foreigners to train Americans














