പ്രസിഡന്‍റ് ട്രംപിന്‍റെ സുരക്ഷയെ പോലും ബാധിക്കും, കോടതിയെ അറിയിച്ച് സീക്രട്ട് സർവീസ്; ബോൾറൂം നിർമ്മാണത്തിൽ വിവാദം

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് സമുച്ചയത്തിൽ നിർമ്മിക്കുന്ന പുതിയ ബോൾറൂം പദ്ധതി താത്കാലികമായി നിർത്തിവെക്കുന്നത് പ്രസിഡന്‍റിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന് യുഎസ് സീക്രട്ട് സർവീസ് കോടതിയെ അറിയിച്ചു. നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതി ഇന്ന് (ചൊവ്വാഴ്ച) അടിയന്തര വാദം കേൾക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തൽ. സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ നൽകിയ സത്യവാങ്മൂലത്തിലാണ് നിർമ്മാണ സ്റ്റേയെ എതിർത്തിരിക്കുന്നത്.

നിർമ്മാണ സ്ഥലത്തിന് ചുറ്റുമുള്ള താത്കാലിക സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കരാറുകാർക്ക് സാധിച്ചിട്ടില്ല. നിർമ്മാണം ഇപ്പോൾ തടഞ്ഞാൽ ഈ സുരക്ഷാ വലയം അപൂർണ്ണമായി തുടരും. ഇത്തരമൊരു സാഹചര്യം പ്രസിഡന്‍റിനും വൈറ്റ് ഹൗസിനും സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും സീക്രട്ട് സർവീസിന്റെ നിയമപരമായ സംരക്ഷണ ദൗത്യത്തെ തടസ്സപ്പെടുത്തുമെന്നും ക്വിൻ വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ ചരിത്ര സംരക്ഷണ ഗ്രൂപ്പായ ‘നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ’ ആണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ അനുമതിയില്ലാതെയും നാഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷന്റെ അവലോകനത്തിന് വിധേയമാക്കാതെയും ട്രംപ് നടത്തുന്ന ഈ നിർമ്മാണം നിയമവിരുദ്ധമാണെന്ന് ഇവർ വാദിക്കുന്നു. വൈറ്റ് ഹൗസിന്റെ ചരിത്രപരമായ ‘ഈസ്റ്റ് വിംഗ്’ ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബോൾറൂം നിർമ്മിക്കുന്നത്.

More Stories from this section

family-dental
witywide