
വാഷിംഗ്ടൺ: ഹമാസ് അന്താരാഷ്ട്ര ഓഫീസ് മേധാവി മൂസ അബു മര്‍സൂക്കിന്‍റെ അഭിമുഖം ന്യൂയോര്‍ക്ക് ടൈംസ് വളച്ചൊടിച്ചുവെന്ന് ഹമാസിന്‍റെ ആരോപണം. മര്‍സൂക്കിന്റേതായി ആരോപിക്കപ്പെടുന്ന സമീപകാല പരാമര്‍ശങ്ങള്‍ കൃത്യത ഇല്ലാത്തതാണെന്നും വളച്ചൊടിച്ചതാണെന്നും പലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. അബു മര്‍സൂക്കുമായുള്ള അഭിമുഖത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ ഉത്തരങ്ങളല്ലെന്നും അദ്ദേഹത്തിന്റെ കൃത്യമായ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് മാറ്റി വളച്ചൊടിച്ചാണ് നൽകിയതെന്ന് ഹമാസ് വിശദീകരിച്ചു.
ഇസ്രായേലിന്‍റെ ഉപരോധം, അധിനിവേശം, കുടിയേറ്റ വ്യാപനം എന്നിവ നിരസിക്കാനും ചെറുക്കാനുമുള്ള പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശത്തെയാണ് ഒക്ടോബര്‍ ഏഴിലെ അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് അബു മര്‍സൂക്ക് സ്ഥിരീകരിച്ചതായി ഹമാസ് പറഞ്ഞു. ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ അധിനിവേശ ഭരണകൂടം ഭയാനകമായ യുദ്ധക്കുറ്റകൃത്യങ്ങളും വംശഹത്യയും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.