
ഷാം എൽ-ഷെയ്ഖ് (ഈജിപ്ത്): ഗാസയിലെ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി, ഇസ്രായേലിൽ ഒന്നിലധികം ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രമുഖ പലസ്തീൻ ദേശീയ നേതാവ് മർവാൻ ബർഗൂത്തിയെ മോചിപ്പിക്കണമെന്ന് ഹമാസ്. ഒരു ഹമാസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് ഇക്കാര്യം വെളിപ്പെടുത്തി. ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേൽ ജയിലുകളിലെ പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ ഈജിപ്ഷ്യൻ നഗരമായ ഷാം എൽ ഷെയ്ഖിൽ നടന്നുവരികയാണ്. തങ്ങൾ മോചിപ്പിക്കാൻ ആവശ്യപ്പെടുന്ന തടവുകാരുടെ പട്ടിക ഹമാസ് സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
കരാറിന്‍റെ ഭാഗമായി മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടികകൾ ഹമാസും ഇസ്രായേലും ഇതിനകം കൈമാറിയതായി മറ്റൊരു ഹമാസ് പ്രതിനിധി താഹർ അൽ നുനു പറഞ്ഞു. ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കിടയിലും “പ്രതീക്ഷയുടെ ആത്മാവ് നിലനിൽക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 66 വയസ്സുള്ള ബർഗൂത്തി, രണ്ടാം പലസ്തീൻ ഇൻതിഫാദ സമയത്ത് അഞ്ച് സിവിലിയന്മാരുടെ മരണത്തിന് കാരണമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് 2002-ൽ ശിക്ഷിക്കപ്പെട്ട് അഞ്ച് ജീവപര്യന്തം തടവിൽ കഴിയുകയാണ്. അന്ന് അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
പലസ്തീനികൾക്കിടയിൽ ബർഗൂത്തി ഏറെ ജനകീയനും ഐക്യത്തിൻ്റെ പ്രതീകവുമാണ്. ജനപ്രീതി കുറഞ്ഞുവരുന്ന പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ള നേതാവായും ഇദ്ദേഹത്തെ കണക്കാക്കുന്നു. ബർഗൂത്തിയെ മോചിപ്പിക്കാൻ പല പലസ്തീൻ വിഭാഗങ്ങളും പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഹമാസ് അംഗമല്ലാത്ത ബർഗൂത്തിയെ വിട്ടയക്കുന്നത് പരിഗണിക്കാൻ പോലും ഇസ്രായേൽ തയ്യാറായിട്ടില്ല.
ഗാസ യുദ്ധം ആരംഭിച്ചതുമുതൽ ബർഗൂത്തി ഏകാന്ത തടങ്കലിലാണ് കഴിയുന്നതെന്ന് അദ്ദേഹത്തിൻ്റെ കുടുംബവും പലസ്തീൻ തടവുകാരുടെ സൊസൈറ്റിയും അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ, ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ജയിലിൽ ബർഗൂത്തിയെ സന്ദർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരിൽ വലിയ രോഷമുണ്ടാക്കിയിരുന്നു.