ഇത്തവണയും അതിന് നെതന്യാഹു ശ്രമിച്ചേക്കും, നിലപാട് വ്യക്തമാക്കി ഹമാസ്; സമാധാന ചർച്ചയിൽ ഏഴ് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു

കെയ്റോ/ഗാസ: ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി ഇസ്രായേലുമായി പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെ, തങ്ങൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഹമാസ്. ഹമാസ് നേതാവ് ഫൗസി ബർഹൂം ഇന്ന് ഹമാസ് മീഡിയ വഴി പുറത്തുവിട്ട പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. “ഞങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു ഉടമ്പടിക്ക് വേണ്ടിയുള്ള എല്ലാ തടസ്സങ്ങളും നീക്കാൻ” ഹമാസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി നടത്തുന്ന ചർച്ചകളിൽ ഹമാസ് മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ

സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ.

ഇസ്രായേൽ സൈന്യം ഗാസ മുനമ്പിന്‍റെ മുഴുവൻ ഭാഗത്ത് നിന്നും പൂർണ്ണമായും പിൻവാങ്ങുക.

ഗാസയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ പ്രവേശിപ്പിക്കുക.

മാറ്റിപ്പാർപ്പിക്കപ്പെട്ട പലസ്തീനികളെ അവരുടെ ഭവനങ്ങളിലേക്ക് തിരിച്ചുവരാൻ അനുവദിക്കുമെന്ന ഉറപ്പ് നൽകുക.

നീതിയുക്തമായ തടവുകാരുടെ കൈമാറ്റ കരാർ നടപ്പിലാക്കുക.

ഗാസയിൽ ഒരു ദേശീയ പലസ്തീൻ സ്വതന്ത്ര ടെക്നോക്രാറ്റ് സമിതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ പുനർനിർമ്മാണ പ്രക്രിയ ഉടനടി ആരംഭിക്കുക.

നെതന്യാഹുവിനെതിരെ ആരോപണം

മുൻ ചർച്ചകളിലെല്ലാം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മനഃപൂർവം തടസ്സങ്ങളുണ്ടാക്കിയതുപോലെ, ഇപ്പോഴത്തെ ചർച്ചകളും തടസപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിച്ചേക്കാം എന്നും ബർഹൂം മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ ജനങ്ങളുടെ അവബോധത്തിലും, ഞങ്ങളുടെ ഐക്യത്തിലും, ഞങ്ങളുടെ ലക്ഷ്യത്തിന്‍റെ നീതിയിലും പോരാട്ടത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ലക്ഷ്യത്തെ ഇല്ലാതാക്കാനും ശത്രുവിന്‍റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുമുള്ള എല്ലാ പദ്ധതികളും തകർക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.