
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യയില്‍ എത്തിയയവരില്‍ പഞ്ചാബില്‍ നിന്നുള്ള 73 വയസ്സുള്ള സിഖ് വനിത ഹര്‍ജിത് കൗറും ഉള്‍പ്പെടുന്നു. യുഎസിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പതിവ് പരിശോധനയ്ക്കിടെയാണ് കാലിഫോര്‍ണിയയില്‍വെച്ച് അധികൃതര്‍ അവരെ കസ്റ്റഡിയിലെടുത്തത്. മുപ്പതുവര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിച്ചിരുന്ന ഇവരെ പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു.
നാടുകടത്തപ്പെട്ട് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കൗറിനൊപ്പം 131 പേരുണ്ടായിരുന്നു. ഇവരെ കുറ്റവാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ ആരോപിച്ചു. തടങ്കല്‍ കേന്ദ്രത്തില്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍പോലും നല്‍കിയില്ലെന്നും എഴുപതിലേറെ പ്രായമുള്ള കൗറിന് കിടക്കപോലും നല്‍കിയില്ലെന്നും തറയില്‍ ഉറങ്ങേണ്ടിവന്നെന്നും കുളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കാല്‍മുട്ടുകളിലും ശസ്ത്രക്രിയ നടത്തിയതിനാല്‍ ഇവര്‍ക്ക് തറയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായം ചൂണ്ടിക്കാട്ടി മറ്റൊരാള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ കൗറിനെ വിലങ്ങിട്ട്‌കൊണ്ടുവരുമായിരുന്നുവെന്നും അഭിഭാഷകന്‍ ദീപക് അലുവാലിയ പറഞ്ഞു.
ഐസിഇ ഈ വിമാനങ്ങള്‍ ആരംഭിച്ചതുമുതല്‍ ആ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടവരെ യുഎസ് ഉദ്യോഗസ്ഥര്‍ വിലങ്ങിടുന്നത് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. നാടുകടത്തപ്പെട്ട വിമാനങ്ങളില്‍ കൈവിലങ്ങിട്ട ഇന്ത്യന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരെ ആഞ്ഞടിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
രണ്ട് ആണ്‍മക്കളോടൊപ്പം 1992 ലാണ് കൗര്‍ യുഎസിലേക്ക് പോയത്. 30 വര്‍ഷമായി വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ താമസിച്ചുവരികയായിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ രേഖകളില്ലാത്തവരായിരുന്നു. എന്നാല്‍ 13 വര്‍ഷത്തിലേറെയായി ആ രാജ്യത്തെ നിയമം അനുശാസിക്കുന്നതുപോലെ, ആറ് മാസത്തിലൊരിക്കല്‍ ഐസിഇയെ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്ന് അവരുടെ മരുമകള്‍ മഞ്ചി കൗര്‍ പറഞ്ഞു.
അവരുടെ നാടുകടത്തലിനെ യുഎസ് നിയമനിര്‍മ്മാതാക്കള്‍ പോലും വിമര്‍ശിച്ചിരുന്നു.