
ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലയാണ് അമേരിക്കയിലെ മസാച്യുസെറ്റ്‌സില്‍ കേംബ്രിഡ്ജില്‍ സ്ഥിതിചെയ്യുന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാല. ഈ പ്രശസ്ത സര്‍വകലാശാലയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡിനുള്ള 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ധനസഹായം മരവിപ്പിക്കുകയും സര്‍വകലാശാലയുടെ നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹാര്‍വാര്‍ഡ് അതിന്റെ വിദേശ വിദ്യാര്‍ത്ഥി സംഘടന, ഫാക്കല്‍റ്റി, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച ഹാര്‍വാര്‍ഡ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തു.
‘ഫെഡറല്‍ ഫണ്ടിംഗ് തടഞ്ഞുവയ്ക്കുന്നത് ഹാര്‍വാര്‍ഡിലെ അക്കാദമിക് തീരുമാനമെടുക്കലിന്റെ നിയന്ത്രണം നേടുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും കേസില്‍ പറയുന്നു. മാത്രമല്ല, ‘ഫണ്ടിംഗ് മരവിപ്പിക്കല്‍ നിയമവിരുദ്ധവും സര്‍ക്കാരിന്റെ അധികാരത്തിന് അതീതവുമാണെന്നതിനാല്‍, അത് തടയാന്‍ ഞങ്ങള്‍ ഒരു കേസ് ഫയല്‍ ചെയ്തു,’ എന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ പറഞ്ഞു.
‘സര്‍ക്കാരിന്റെ നടപടികള്‍ ഒന്നാം ഭേദഗതിയെ മാത്രമല്ല, ഫെഡറല്‍ നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിക്കുന്നുവെന്നും ഏകപക്ഷീയമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ടുകള്‍ മരവിപ്പിക്കലും ഫെഡറല്‍ ഗ്രാന്റുകളില്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡിന്റെ ചെലവുകള്‍ വഹിക്കണമെന്നും ഈ കേസ് ആവശ്യപ്പെടുന്നു.