‘അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കുന്നത് തുടരും, ഇത് നിയമവിരുദ്ധമായ പ്രതികാര നടപടി’; ട്രംപിനെതിരെ ഹാർവാർഡ് യൂണിവേഴ്സിറ്റി

വാഷിംഗ്ടണ്‍: വിദേശ വിദ്യാർത്ഥികളുടെ വിസകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് നിയമവിരുദ്ധമായ പ്രതികാര നടപടിയെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി. ഇത് ഹാർവാർഡിന്റെ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണ്. തങ്ങളുടെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

ദേശീയ സുരക്ഷാ ഭീഷണികൾ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം (പ്രത്യേകിച്ച് ചൈനയുമായുള്ള), ആഭ്യന്തര സുരക്ഷാ വകുപ്പുമായി സഹകരിക്കുന്നതിലെ പരാജയം, ക്യാമ്പസിലെ കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അറിയപ്പെടുന്ന നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ പരാജയം എന്നിവയാണ് ഈ ഉത്തരവിന് കാരണമായി ട്രംപ് ഭരണകൂടം ഉന്നയിക്കുന്നത്. കൂടാതെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക സംഘടനയിലെ അംഗങ്ങളെ ഹാർവാർഡ് ആതിഥേയത്വം വഹിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വംശീയ വിവേചനം തുടരുന്നുവെന്നും ഹാർവാർഡിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് ഹാർവാർഡിന്റെ സ്റ്റുഡന്‍റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ റദ്ദാക്കാൻ ശ്രമിച്ചിരുന്നു. ഇത് ഒരു ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞിരുന്നു. ഹാർവാർഡ് ഈ പുതിയ നീക്കത്തെ പ്രതികാര നടപടിയെന്നും ഭരണഘടനാ വിരുദ്ധമെന്നും എന്നും വിശേഷിപ്പിച്ച് നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide