
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കൻ നയങ്ങളോടുള്ള വിയോജിപ്പ് കാരണം നവംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നേക്കാമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തനിക്ക് പകരം മറ്റൊരാളെ യുഎസിനെ പ്രതിനിധീകരിക്കാൻ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരുപക്ഷേ ഞാൻ മറ്റൊരാളെ അയച്ചേക്കും, കാരണം ദക്ഷിണാഫ്രിക്കയുമായി എനിക്ക് ധാരാളം പ്രശ്നങ്ങളുണ്ട്. അവർക്ക് വളരെ മോശം നയങ്ങളുണ്ട്,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ, പ്രത്യേകിച്ച് അവരുടെ ഭൂനയം മുതൽ ഗാസയിലെ യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ചുള്ള കേസ് വരെ ട്രംപിന് വിയോജിപ്പുകളുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുള്ള യുഎസ് സാമ്പത്തിക സഹായം നിർത്തലാക്കാൻ ട്രംപ് ഫെബ്രുവരിയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ടിരുന്നു. മേയിൽ, വൈറ്റ് ഹൗസ് യോഗത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി സംസാരിക്കവെ, വെള്ളക്കാരുടെ വംശഹത്യയും ഭൂമി പിടിച്ചെടുക്കലും സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു.
ഈ വർഷം ആദ്യം, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ബഹിഷ്കരിച്ചിരുന്നു. 2024 ഡിസംബർ മുതൽ 2025 നവംബർ വരെ ദക്ഷിണാഫ്രിക്കയാണ് ജി20 പ്രസിഡൻസി വഹിക്കുന്നത്.