
ടേൺബറി, സ്കോട്ട്ലൻഡ്: തനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ആളുകളെ ജെഫ്രി എപ്‌സ്റ്റൈൻ രണ്ടുതവണ ‘മോഷ്ടിച്ചതിനെ’ തുടർന്നാണ് തന്‍റെ മാറാ-ലാഗോ ക്ലബ്ബിൽ നിന്ന് അയാളെ പുറത്താക്കിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ടേൺബറിയിലെ ഗോൾഫ് ക്ലബ്ബിൽവെച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
എപ്‌സ്റ്റൈനുമായുള്ള ബന്ധം എങ്ങനെ അവസാനിച്ചു എന്ന് ചോദിച്ചപ്പോൾ, “അതൊക്കെ വളരെ പഴയ കാര്യമാണ്, എളുപ്പത്തിൽ വിശദീകരിക്കാം, പക്ഷേ നിങ്ങളുടെ സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്ന് ട്രംപ് പറഞ്ഞു. തുടർന്ന് അദ്ദേഹം വിശദീകരിക്കുകയായിരുന്നു, അനുചിതമായ എന്തോ ഒന്ന് ചെയ്തതിന് ശേഷമാണ് താൻ എപ്‌സ്റ്റൈനുമായി സംസാരിക്കുന്നത് നിർത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെ അനുമതിയില്ലാതെ എപ്‌സ്റ്റൈൻ ജോലിക്ക് എടുത്തതോടെയാണ് ബന്ധം വഷളായത്. ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞിട്ടും അയാൾ അത് വീണ്ടും ചെയ്തു. അയാളെ അവിടുന്ന് പുറത്താക്കിയെന്നും വ്യക്തിപരമായി അനിഷ്ടം പ്രകടിപ്പിച്ചുവെന്നും പ്രസിഡന്‍റ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ വിഷയത്തിൽ വ്യത്യസ്തമായ കാര്യമാണ് പറഞ്ഞിരുന്നത്.
“പ്രസിഡന്‍റ് അയാളെ ക്ലബ്ബിൽ നിന്ന് പുറത്താക്കിയത് അയാൾ ഒരു വിചിത്രസ്വഭാവക്കാരൻ (creep) ആയതുകൊണ്ടാണ്,” വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് പരിഹാസ രൂപേണ പറഞ്ഞു.
2019-ൽ ലൈംഗികക്കടത്ത് കേസുകളിൽ വിചാരണ കാത്തിരിക്കെ ന്യൂയോർക്കിലെ ജയിലിൽ ആത്മഹത്യ ചെയ്ത എപ്‌സ്റ്റൈൻ, ഭരണകൂടത്തിന് തുടർച്ചയായ തലവേദനയായി മാറിയിട്ടുണ്ട്.