അരുണാചല്‍ പ്രദേശില്‍ കനത്തമഴ: മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം.ഏഴുയാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു.

ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയെ തുടർന്ന് 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു.

അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ മാമ നാതുങ്, കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Heavy rains in Arunachal Pradesh Seven killed in car accident due to landslide