
ന്യൂയോർക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 2 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി നഗരത്തിലെ തിരഞ്ഞെടുപ്പ് ബോര്‍ഡ് അറിയിച്ചു, 1969 ന് ശേഷമുള്ള ഒരു മേയര്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് ഇക്കുറി ന്യൂയോർക്ക് സാക്ഷ്യം വഹിച്ചത്. നഗരത്തിലെ ജനസംഖ്യ ഏകദേശം 8.5 ദശലക്ഷമാണ്.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനിയാണ് മുന്നില്‍. ജൂണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയ മംദാനി, സ്വതന്ത്രനായി മത്സരിക്കുന്ന കുമോയ്ക്കും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയ്ക്കും എതിരെ ശക്തമായ ലീഡ് നിലനിർത്തുന്നു. ഏറ്റവും പുതിയ ആറ്റ്ലസ് ഇന്റൽ സർവേ പ്രകാരം മംദാനിക്ക് 41 ശതമാനം പിന്തുണയുണ്ട്, കുവോമോ 34 ഉം സ്ലിവ 24 ഉം ശതമാനം മാത്രമാണുള്ളത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുവോമോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്ലിവയ്ക്ക് നൽകുന്ന വോട്ട് മംദാനിയെ സഹായിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മംദാനി, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി സ്വയം വിശേഷിപ്പിക്കുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ റാഡിക്കൽ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബെർണി സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒകാസിയോ-കൊർട്ടെസ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചു. വിജയിച്ചാൽ ഉപദേശകനായി സഹായിക്കാമെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചിട്ടുമുണ്ട്. ക്വീൻസിൽ വോട്ട് ചെയ്ത മംദാനി, സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭവന പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
റെക്കോർഡ് പ്രീ-പോൾ വോട്ടിംഗ് മംദാനിയുടെ സാധ്യതകൾ ഉയർത്തുന്നുണ്ട്. 7.35 ലക്ഷം പേർ നേരത്തെ വോട്ട് ചെയ്തു. ഞായറാഴ്ച മാത്രം 1.51 ലക്ഷം പേരും വോട്ട് ചെയ്തു. ട്രംപിന്റെ നയങ്ങൾ, സർക്കാർ ഷട്ട്ഡൗൺ എന്നിവ തെരഞ്ഞെഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Heavy turnout in New York mayoral election; 2 million people voted, highest turnout since 1969.










