
ക്വാലാലംപുർ: ഈ വർഷം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്താൻ വലിയ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മലേഷ്യയിലെ ക്വാലാലംപുരിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധ്യത വളരെ കൂടുതലാണെന്ന് റൂബിയോ പറഞ്ഞു.
ഇരുപക്ഷവും അത് സംഭവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ കരുതുന്നു. കൂടിക്കാഴ്ചയുടെ തീയതി നൽകാൻ തനിക്ക് കഴിയില്ലെന്നും എന്നാൽ ഇരുവശത്തും അതിന് ശക്തമായ താൽപ്പര്യമുണ്ടെന്നും റൂബിയോ വ്യക്തമാക്കി. അത്തരം കൂടിക്കാഴ്ചക്ക് മുമ്പ് ശരിയായ അന്തരീക്ഷം കെട്ടിപ്പടുക്കേണ്ടത് ആവശ്യമാണെന്നും, അതുവഴി വ്യക്തമായ ഫലങ്ങൾ നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര തർക്കങ്ങളും ഏഷ്യയിലെ സ്വാധീനത്തിനായുള്ള മത്സരവും നിലനിൽക്കുന്നതിനിടെയാണ് യുഎസ് ഉന്നത നയതന്ത്രജ്ഞൻ ചൈനീസ് പ്രതിനിധിയായ വാങ് യീ യുമായി വെള്ളിയാഴ്ച ക്വാലാലംപുരിൽ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് റൂബിയോ പറഞ്ഞിരുന്നു. ഞങ്ങൾ രണ്ട് വലിയ, ശക്തരായ രാജ്യങ്ങളാണ്. ഞങ്ങൾ വിയോജിക്കുന്ന വിഷയങ്ങൾ എപ്പോഴും ഉണ്ടാകും. ഇതൊരു ക്രിയാത്മകവും നല്ലതുമായ കൂടിക്കാഴ്ചയാണെന്ന് കരുതുന്നു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു.