
കാലിഫോർണിയ: കാലിഫോർണിയയിൽ ഹൈന്ദവ വിരുദ്ധ അതിക്രമങ്ങൾ തുടർച്ചയായ നാലാം വർഷവും വർധിച്ചതായി നീതിന്യായ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ഈ ആഴ്ച പുറത്തുവിട്ട 80 പേജുള്ള റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ. എന്നാൽ, റിപ്പോർട്ടിന്റെ ഭാഗമായി കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പുറത്തിറക്കിയ പ്രസ്താവനയിൽ, “ഹൈന്ദവ വിരുദ്ധ വിദ്വേഷം” എന്ന പരാമർശം ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കി. നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ ഒരു സംഘടനയായ കോളിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) ആണ് വിമർശനവുമായി രംഗത്തെത്തിയത്.
2023-ൽ ഏഴ് ഹൈന്ദവ വിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത്, 2024-ൽ അത് പത്തായി ഉയർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പല കേസുകളും ഭയം കാരണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും, കുടിയേറ്റക്കാരായ ഹൈന്ദവ സമൂഹത്തിനിടയിൽ ഈ ഭയം വ്യാപകമാണെന്നും കോഹ്‌ന ചൂണ്ടിക്കാട്ടി.
കൂടാതെ, 2023-ൽ ന്യൂവാർക്ക്, ഹേവാർഡ് എന്നിവിടങ്ങളിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കോഹ്‌ന പറഞ്ഞു.