ടെക്സസിലെ മിന്നൽ പ്രളയത്തിൽ ശനിയാഴ്ച രാവിലെ സാൻ ഗബ്രിയേൽ നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബർനെറ്റ് കൗണ്ടിയിലെ ഒരു ചരിത്രപ്രസിദ്ധമായ പാലം ഒലിച്ചു പോയി. നദിയിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ജോപ്പ അയൺ ട്രസ് പാലം താഴേക്ക് ഒഴുകുന്നത് വീഡിയോകളിൽ കാണാം. 1907-ൽ നിർമ്മിച്ച ഈ പാലത്തിന് 2017-ൽ ഒരു ടെക്സസ് ചരിത്ര മാർക്കർ ലഭിച്ചു. പാലത്തിൽ കാൽനടയാത്രക്കാർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പക്ഷേ ഘടനാപരമായ കേടുപാടുകൾ കാരണം അത് അടച്ചിട്ടിരുന്നു. വാഹന ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി പഴയ ഇരുമ്പ് പാലത്തിന് അടുത്തായി നിർമ്മിച്ച കോൺക്രീറ്റ് പാലമായ കൗണ്ടി റോഡ് 200 പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതും വീഡിയോയിൽ കാണാം.
അതേസമയം, സെൻട്രൽ ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഗ്വാഡലൂപ്പ് നദിക്കരയിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കാണാതായവരുടെ കൃത്യമായ എണ്ണം ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, കുട്ടികളുടെ വേനൽക്കാല ക്യാമ്പായ കെർ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിൽ നിന്ന് രണ്ട് ഡസനിലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.കെർ കൗണ്ടിയിൽ ശക്തമായ മഴയെ തുടർന്ന് ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് ഏകദേശം 30 അടി ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്.
കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ഗേൾസ് സമ്മർ ക്യാമ്പിലെ 27 ലധികം പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. ഈ കുട്ടികൾ എല്ലാവരും തന്നെ 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്.ജൂലൈ 4 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പേർ അവധിദിനം ആഘോഷിക്കാൻ നദിക്കരയിൽ കാബിനുകളിൽ താമസിച്ചിരുന്നു. അവരെല്ലാവരും ഉറങ്ങിക്കിടന്ന പുലർച്ചെയാണ് മിന്നൽ പ്രളയമുണ്ടായത്.
ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നദിക്കരയിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകരെ വലക്കുന്നുണ്ട്. റോഡുകളും പാലങ്ങളും ഇല്ലാതാവുകയും വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്‌ത് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.















