
വാഷിംഗ്ടണ്‍ : യുഎസ് വിമാനത്താവള സുരക്ഷാ പരിശോധനകളില്‍ യാത്രക്കാര്‍ക്ക് ഇനി ഷൂസ് അഴിക്കേണ്ടി വരില്ല. യാത്രക്കാര്‍ക്ക് ഷൂസ് ധരിക്കാന്‍ ഗതാഗത സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയ വിവരം ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏകദേശം 20 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇതോടെ ഇല്ലാതാകുന്നത്.
മാറ്റം ഉടനടിയും രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുമെന്ന് റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്രിസ്റ്റി നോം പറഞ്ഞു. ”സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ യാത്രാ അനുഭവം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അവര്‍ നിയമമാറ്റത്തെക്കുറിച്ച് പറഞ്ഞു.
പുതിയ നീക്കം വിമാനത്താവളങ്ങളിലൂടെയുള്ള പ്രോസസ്സിംഗ് വേഗത്തിലാക്കും. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഷൂസ് ധരിച്ച യാത്രക്കാരെയും കൃത്യമായി പരിശോധിക്കാനാകും എന്നതിനാലാണ് മാറ്റത്തിന് വഴിയൊരുങ്ങുന്നത്.