
വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തിൽ ബുധനാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) പ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) വോട്ടെടുപ്പിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച സെനറ്റ് പാസാക്കിയ ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചാൽ പ്രസിഡന്റ് ട്രംപിന് ബില്ലിൽ ഒപ്പുവയ്ക്കാം. ഇതോടെ അത് നിയമമാകുകയും ഷട്ട്ഡൌണിൽ നിന്നും പൂർണമായി പുറത്തുകടക്കാനുമാകും.
പ്രാദേശിക സമയം ബുധനാഴ്ചവൈകുന്നേരം നാലിനാണ് സഭ വീണ്ടും സമ്മേളനത്തിലേക്ക് പ്രവേശിച്ചത്. അരിസോണ ഡെമോക്രാറ്റിക് അഡെലിറ്റ ഗ്രിജാൽവയുടെ സത്യപ്രതിജ്ഞയായിരുന്നു ആദ്യ നടപടിക്രമം. സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബില്ലിൽ യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങൾ ഇപ്പോൾ അന്തിമ വോട്ടെടുപ്പ് നടത്തുകയാണ്. ബിൽ പാസാകണമെങ്കിൽ 215 വോട്ടുകൾ ആവശ്യമാണ്.
ബിൽ പാസാക്കാൻ ഹൗസ് അനുകൂലമായി വോട്ട് ചെയ്താൽ ട്രംപ് ഇന്ന് രാത്രിയിൽ തന്നെ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന ബില്ലിൽ ഒപ്പുവെക്കാൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച രാത്രി 09:45 ന് (പ്രാദേശിക സമയം) ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന ബില്ലിൽ ഒപ്പുവെക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്.
അതേസമയം, ഷട്ട്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങാൻ രാജ്യത്തെ തിരക്കേറിയ 40 വിമാനത്താവളങ്ങൾ കാത്തിരിക്കുകയാണ്. വിമാന നിയന്ത്രണങ്ങൾ എപ്പോൾ പിൻവലിക്കുമെന്ന് പറയാനാകില്ലെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. സെനറ്റിന്റെ നീക്കം പിന്തുടർന്ന് ബിൽ വേഗത്തിൽ പാസാക്കിയില്ലെങ്കിൽ, താങ്ക്സ്ഗിവിംഗ് അവധിക്കാലത്ത് യാത്രക്കാർക്ക് വലിയ കാലതാമസം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
House of Representatives to hold final vote on bill to end US shutdown















