അവതരിപ്പിച്ചത് മർജോറി ടെയ്‌ലർ ഗ്രീൻ, യുഎസിൽ പ്രായപൂർത്തിയാകാത്തവരുടെ ലിംഗമാറ്റ ചികിത്സ നിരോധിക്കുന്ന ബില്ല് പാസാക്കി; ഡോക്ടർമാർക്ക് ജയിൽശിക്ഷ

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്തവർക്ക് ലിംഗമാറ്റ ചികിത്സയും ശസ്ത്രക്രിയകളും നൽകുന്ന ഡോക്ടർമാർക്ക് പത്ത് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം മർജോറി ടെയ്‌ലർ ഗ്രീൻ അവതരിപ്പിച്ച “കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കൽ നിയമം” എന്ന ബില്ലാണ് സഭ പാസാക്കിയത്. 211-നെതിരെ 216 വോട്ടുകൾക്കായിരുന്നു ബില്ല് പാസായത്.

പുതിയ നിയമപ്രകാരം കുട്ടികളിലെ ലിംഗമാറ്റത്തിനായുള്ള ശസ്ത്രക്രിയകൾ, ഹോർമോൺ ചികിത്സകൾ, പ്യൂബർട്ടി ബ്ലോക്കറുകൾ എന്നിവ നൽകുന്നത് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇത്തരത്തിൽ ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് ജയിൽ ശിക്ഷയ്‌ക്കൊപ്പം കനത്ത പിഴയും നേരിടേണ്ടി വരും. പ്രതിരോധ നയവുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിന് പിന്തുണ നൽകുന്നതിനായി റിപ്പബ്ലിക്കൻ നേതൃത്വവുമായി നടത്തിയ ധാരണയുടെ ഭാഗമായാണ് തന്‍റെ ബില്ല് വോട്ടെടുപ്പിന് എടുത്തതെന്ന് മർജോറി ഗ്രീൻ വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ കോൺഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ട്രാൻസ്‌ജെൻഡർ വിരുദ്ധ നിയമമാണിതെന്ന് ‘അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ’ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രാൻസ് കമ്മ്യൂണിറ്റിയെ വേട്ടയാടുകയാണെന്ന് സഭയിലെ ആദ്യ ട്രാൻസ്‌ജെൻഡർ അംഗമായ ഡെമോക്രാറ്റിക് പ്രതിനിധി സാറാ മക്ബ്രൈഡ് കുറ്റപ്പെടുത്തി. മൂന്ന് ഡെമോക്രാറ്റിക് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഇതിനെതിരെ വോട്ട് ചെയ്തു. പ്രതിനിധി സഭ പാസാക്കിയെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സെനറ്റിൽ ബില്ല് വിജയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പുള്ളതിനാൽ സെനറ്റിൽ ബില്ല് പരാജയപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide