
വാഷിംഗ്ടണ്‍ : യെമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം കടുപ്പിച്ച യുഎസിനെതിരെ തിരിച്ചടിച്ചെന്ന് ഹൂത്തികള്‍. യുഎസ് വിമാനവാഹിനിക്കപ്പലിനെയും ഇസ്രായേല്‍ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി ഹൂത്തികള്‍ പറയുന്നു. അതേസമയം, യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേല്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം. ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും സൈനിക കേന്ദ്രവും ലക്ഷ്യമിട്ടതായാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ പറഞ്ഞത്. ‘അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ ഉള്‍പ്പെടെ ചെങ്കടലിലെ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ടു എന്നും ഹൂത്തികളുടെ വക്താവ് പറഞ്ഞു.
ഗാസ യുദ്ധം ആരംഭിച്ചതോടെ ഹമാസിന് പിന്തുണ വാഗ്ദാനം ചെയ്ത് ചെങ്കടലില്‍ കപ്പലുകളെ ആക്രമിച്ച ഹൂത്തികള്‍ക്ക് മറുപടിയായി മാര്‍ച്ച് 15 ന് യുഎസ് ഹൂത്തികള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇന്നത്തെ ആക്രമണം.