
“കണ്ണേ കരളേ വി എസ്സേ ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ ” പുന്നപ്ര- വയലാർ സമര നായകന് നിലയ്ക്കാത്ത മുദ്രാവിളികളോടെ അന്ത്യാഭിവാദ്യം ചെയ്ത് ആയിരങ്ങൾ. ഉടനീളം നിലയ്ക്കാത്ത മുദ്രാവിളികളോടെ വിലാപയാത്രയായി വി എസിന്റെ മൃതദേഹം പൊതുദർശനത്തിനായി എസ് യുടി ആശുപത്രിയിൽ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചു.
പ്രിയ നേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് കടലുപോലെ ഒഴുകി എത്തുന്നത്. സിപിഎമ്മിൻ്റെ സ്ഥാപക നേതാവായ വി എസിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചെങ്കൊടി പുതപ്പിച്ച് അന്ത്യാഭിവാദ്യം അർപ്പിച്ചു. എകെജി സെന്ററിൽ നിന്ന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദൻ ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വിടവാങ്ങിയത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വി എസിന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച വി എസ് അവിടെ നിന്നാണ് ഉയർത്ത് എഴുന്നേറ്റ് വിപ്ലവസൂര്യനാകുന്നത്. 1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി.
1967ൽ അമ്പലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2006ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.