
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങും അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ലയും തമ്മിൽ വമ്പൻ കരാറിൽ ഒപ്പുവച്ചതായി സ്ഥിരീകരിച്ച് ടെസ്‍ല മേധാവി ഇലോൺ മസ്ക്.
നേരത്തേ ഒരു വമ്പൻ ഉപഭോക്താവുമായി 1,650 കോടി ഡോളറിന്റെ (ഏകദേശം 1.4 ലക്ഷം കോടി രൂപ) കരാറിൽ ഏർപ്പെട്ടുവെന്ന് സാംസങ് വ്യക്തമാക്കിയിരുന്നെങ്കിലും ആരുമായാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, മസ്ക് ഇതിനുപിന്നാലെ എക്സിൽ കരാർ ഒപ്പുവച്ചെന്ന് അറിയിക്കുകയായിരുന്നു.
ടെസ്‍ലയ്ക്കായി സാംസങ് വരുംതലമുറ എഐ6 ചിപ്പുകളാണ് നിർമിക്കുകയെന്ന് മസ്ക് പറഞ്ഞു. ടെക്സസിൽ തന്റെ വീടിനടുത്താണ് സാംസങ്ങിന്റെ പ്ലാന്റ് (ഫാബ്). നിലവിൽ സാംസങ് എഐ4 ചിപ്പുകളാണ് നിർമിക്കുന്നത്. തായ്വാൻ കമ്പനിയായ ടിഎസ്എംസി എഐ5 ചിപ്പുകളും ടെസ്‍ലയ്ക്കായി നിർമിക്കുന്നുണ്ട്.
തായ്വാനിലും യുഎസിലെ അരിസോനയിലുമായാണ് ടിഎസ്എംസി ചിപ്പുകൾ നിർമിക്കുന്നത്. സാംസങ്ങുമായുള്ള സഹകരണം നിർണായക തീരുമാനമാണെന്നും ടെസ്‍ലയുടെ ഉൽപാദനം വർധിപ്പിക്കാൻ ഇതു സഹായിക്കുമെന്നും മസ്ക് പറഞ്ഞു.
Huge deal between Samsung and Tesla