
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളുടെ പൂർണ്ണ പുറത്തുവിടൽ 2026-ലേക്ക് നീണ്ടുപോകും. ഡിസംബർ 19-ന് പുറത്തുവിടാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് പേജുകൾ ഇനിയും റിവ്യൂ ചെയ്യാനുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുതുതായി ഒരു മില്യണിലധികം ഡോക്യുമെന്റുകൾ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഇവ പരിശോധിച്ച് റെഡാക്ട് ചെയ്ത് വരുന്നതിനാൽ വരും ആഴ്ചകളിൽ മാത്രമേ പുറത്തുവിടാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.
ഡിസംബർ 19-നായിരുന്നു രേഖകൾ പൂർണ്ണമായി പുറത്തുവിടാനുള്ള നിയമപരമായ സമയപരിധി. എന്നാൽ ഡോക്യുമെന്റുകളുടെ വമ്പിച്ച അളവ് കാരണം ഇത് സാധ്യമായില്ല. കഴിഞ്ഞ ആഴ്ചകളിൽ ലക്ഷക്കണക്കിന് പേജുകൾ ‘എപ്‌സ്റ്റീൻ ലൈബ്രറി’ എന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.
എഫ്ബിഐയുടെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണങ്ങളിൽ നിന്നുള്ള 300 ജിബിയിലധികം ഡാറ്റയാണ് ഇതുവരെ പുറത്തുവന്നത്. ഇതിൽ ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിങ്സ്, സാക്ഷിമൊഴികൾ തുടങ്ങിയവ ഉൾപ്പെടുന്നു.
പുറത്തുവന്ന പല രേഖകളിലും പ്രധാന വിവരങ്ങൾ റെഡാക്ട് ചെയ്ത് മായ്ച്ചുകളഞ്ഞതായി ആരോപണമുണ്ട്. ഇത് ഇരകളെയും നിയമനിർമ്മാതാക്കളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
പുതിയ റിലീസുകളിൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എപ്‌സ്റ്റീന്റെ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉണ്ട്. 1993-നും 1996-നും ഇടയിൽ ട്രംപ് കുറഞ്ഞത് എട്ട് തവണയെങ്കിലും ഈ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഫ്ലൈറ്റ് ലോഗുകളിൽ നിന്നുള്ള സൂചന. ചില ഫയലുകളിൽ ട്രംപിനെ ഉൾപ്പെടുത്തിയ ചിത്രങ്ങൾ ആദ്യം പ്രസിദ്ധീകരിച്ച ശേഷം പിൻവലിച്ചതായും ആക്ഷേപങ്ങളുണ്ട്.














