
കണക്റ്റിക്കട്ട്: അനധികൃതമായി തോക്ക് കൈവശം വെച്ചതിനും നികുതി വെട്ടിപ്പുനടത്തിയതിനും വിവിധ കേസുകളിൽ പ്രതിയായ അഭിഭാഷകൻ ഹണ്ടർ ബൈഡനെതിരെ നടപടിയെടുത്ത് കണക്റ്റിക്കട്ട് ഫെഡറൽ ജഡ്ജി. സംസ്ഥാനത്തിന്റെ അറ്റോർണി പെരുമാറ്റ നിയമങ്ങൾ ലംഘിച്ചതിന് ഹണ്ടർ ബൈഡനെ കണക്റ്റിക്കട്ട് ബാറിൽ നിന്നും പുറത്താക്കുന്നതായി ജഡ്ജി പ്രഖ്യാപിക്കുകയായിരുന്നു. ജോ ബൈഡൻ്റെ മകനായ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ വർഷം അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ പിതാവ് മുൻ പ്രസിഡന്റ് ജോ ബൈഡൻ മാപ്പുനൽകി ശിക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു.
തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മുൻ പ്രസിഡന്‍റിന്‍റെ ഈ നീക്കം. എന്നാൽ അഭിഭാഷകരെ ശിക്ഷിക്കുന്ന സ്റ്റേറ്റ് ഓഫീസുമായുള്ള ഒരു കരാർ പ്രകാരം ഹണ്ടർ ബൈഡൻ പുറത്താക്കപ്പെടാൻ സമ്മതിക്കുകയായിരുന്നു. പക്ഷേ തനിക്കെതിരായ ഒരു ക്രിമിനൽ കുറ്റവും ഹണ്ടർ ബൈഡൻ സമ്മതിച്ചിട്ടില്ല. മെയ് മാസത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
2018 ൽ തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യങ്ങൾക്ക് ഹണ്ടർ ബൈഡനെ ഡെലവെയർ ഫെഡറൽ കോടതിയിൽ കഴിഞ്ഞ വർഷം ശിക്ഷിച്ചിരുന്നു, നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടും അത് ഉപയോഗിച്ചിട്ടില്ലെന്നും അതിന് അടിമയല്ലെന്ന് അവകാശപ്പെട്ട് ഫെഡറൽ ഫോമിൽ ഹണ്ടർ കള്ളം പറഞ്ഞതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
“സത്യസന്ധതയില്ലായ്മ, വഞ്ചന എന്നിവ ഉൾപ്പെടുന്ന” പെരുമാറ്റത്തിൽ ഏർപ്പെടുന്നത് ഉൾപ്പെടെ, അഭിഭാഷകർക്കുള്ള നിരവധി ധാർമ്മിക നിയമങ്ങൾ ഹണ്ടർ ബൈഡൻ ലംഘിച്ചതായി കണക്റ്റിക്കട്ട് ജഡ്ജി കണ്ടെത്തി. ഒരു കോടതി രേഖയിൽ, ഹണ്ടർ ബൈഡൻ ചില മോശം പെരുമാറ്റ ആരോപണങ്ങൾ സമ്മതിക്കുക കൂടി ചെയ്തിരുന്നു. യേൽ ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ഒരു വർഷത്തിന് ശേഷം 1997 ലാണ് ഹണ്ടർ ബൈഡൻ കണക്റ്റിക്കട്ട് ബാറിൽ പ്രവേശിച്ചു.
Hunter Biden faces action in Connecticut for violating attorney conduct rules; fired as part of punishment for lawyers.













