
ന്യൂഡൽഹി: റഷ്യയോട് അടുത്ത ഇന്ത്യയ്ക്ക്നേരെ ഇടഞ്ഞ് അമേരിക്ക. 25 ശതമാനം തീരുവയും പിഴയും ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് എത്തിയിരിക്കുന്നത്. റഷ്യയുമായി ഇന്ത്യ എന്ത് ചെയ്‌താലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവർ അവരുടെ നിർജീവമായ സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് കൂപ്പുകുത്തട്ടെയെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു.
അമേരിക്ക വളരെ കുറച്ച് വ്യാപാരം മാത്രമേ ഇന്ത്യയുമായിചെയ്‌തിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയർന്നവയിൽ ഒന്നാണ് അവരുടെ തീരുവ. അതുപോലെ, റഷ്യയും യുഎസ്എയും തമ്മിൽ കാര്യമായ വ്യാപാരമൊന്നും ചെയ്യുന്നില്ല. അത് അങ്ങനെ തന്നെ തുടരാമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയ റഷ്യൻ മുൻ പ്രസിഡൻ്റ് ദിമിത്രി മെദ്വദേവിന് ട്രംപ് മറുപടി നൽകി. താൻ ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്ന റഷ്യയുടെ പരാജയപ്പെട്ട മുൻ പ്രസിഡൻ്റായ ദിമിത്രി മെദ്വദേവിനോട് വാക്കുകൾ സൂക്ഷിക്കാൻ പറയണം. അദ്ദേഹം വളരെ അപകടകരമായ ഒരു മേഖലയിലേക്കാണ് പ്രവേശിക്കുന്നത്’ ട്രംപ് വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് ഇന്ത്യയുട തീരുവ നിലവിൽ വരും. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളുടക്കം വാങ്ങുന്നതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ഇന്ത്യക്കുമേൽ 25 ശതമാനം തീരുവയും പിഴച്ചുങ്കവും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.