
വാഷിങ്ടന്‍ : ഇന്ത്യപാക്ക് സംഘര്‍ഷം ആണവയുദ്ധത്തിലേക്കു പോകാതെ തടഞ്ഞതു താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിനു ധാരണയായില്ലെങ്കില്‍ അധികതീരുവ ചുമത്തുമെന്നും വ്യാപാരം അവസാനിപ്പിക്കുമെന്നും താന്‍ മോദിയെ താക്കീതുചെയ്തപ്പോഴാണ് അത് സാധ്യമായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായി യുഎസിന്റെ 50 ശതമാനം അധികതീരുവകള്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം.
‘നിങ്ങളുമായി വ്യാപാരക്കരാറിന് ആഗ്രഹിക്കുന്നില്ല. നിങ്ങളിരുവരും ആണവയുദ്ധത്തിലായിരിക്കും അവസാനിക്കുക’ എന്ന് താന്‍ പറഞ്ഞുവെന്നും ഇതാണ് വെടിനിര്‍ത്തലിന് മോദിയെ പ്രേരിപ്പിച്ചതെന്നുമാണ് വൈറ്റ് ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശപ്പെടല്‍. ഈ സംഭാഷണം കഴിഞ്ഞു 5 മണിക്കൂറിനകം ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിനു വഴങ്ങിയെന്നും അവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായാലും തടയുമെന്നും ട്രംപ് പറഞ്ഞു.
മെയ് മാസത്തില്‍ പ്രഖ്യാപിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇത് തുടരെത്തുടരെ നിരസിച്ചിട്ടുംണ്ട്. ട്രംപിന്റെ ഈ വാദം അംഗീകരിക്കാത്തതുകൊണ്ടാണ് ഉയര്‍ന്ന തീരുവകൊണ്ട് തിരിച്ചടിക്കുന്നതെന്ന വിമര്‍ശനം പോലും ഉയരുന്നുണ്ട്. പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയെ ബന്ധപ്പെടുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന് ശേഷമാണ് മെയ് 10 ലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.