
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ കമ്പനികളെ താൻ നശിപ്പിക്കുമെന്നുള്ള പ്രചാരണം തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശതകോടീശ്വരനായ മസ്കിനെയും രാജ്യത്തെ മറ്റ് എല്ലാ ബിസിനസ്സുകളെയും തനിക്ക് വളർത്താൻ ആണ് താൽപര്യമെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു.
ഈ മാസമാദ്യം, ഇലോൺ മസ്കിന്റെ കമ്പനികൾക്ക് ഫെഡറൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സബ്സിഡികൾ നിർത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വിപരീതമായാണ് ഇപ്പോൾ ട്രംപിന്റെ പ്രതികരണം.
ട്രൂത്ത് സോഷ്യലിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “യുഎസ് ഗവൺമെന്റിൽ നിന്ന് ഇലോണിന് ലഭിക്കുന്ന വലിയ തോതിലുള്ള സബ്സിഡികൾ പൂർണ്ണമായോ ഭാഗികമായോ എടുത്തുകളഞ്ഞുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് എല്ലാവരും പറയുന്നു. ഇത് സത്യമല്ല! ഇലോണിനെയും നമ്മുടെ രാജ്യത്തുള്ള എല്ലാ ബിസിനസ്സുകളെയും വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്, മുൻപില്ലാത്തവിധം അവർക്ക് അഭിവൃദ്ധിയുണ്ടാകണം! അവർ എത്രത്തോളം മികച്ചതാകുന്നുവോ, അത്രത്തോളം യുഎസ്എയും മികച്ചതാകും, അത് നമുക്കെല്ലാവർക്കും നല്ലതാണ്. നമ്മൾ എല്ലാ ദിവസവും റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, എനിക്കിത് അങ്ങനെതന്നെ തുടരണം!”
ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക്, പ്രസിഡൻ്റിൻ്റെ ‘വലിയ മനോഹരമായ ബില്ലിനെ’ വിമർശിച്ചതിന് പിന്നാലെയാണ് ട്രംപുമായി തെറ്റിയത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള സബ്‌സിഡികൾ ഇല്ലാതാക്കുന്നതാണ് ഈ ബിൽ. ഇത് സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിനാണ് പാസാക്കിയത്. യുഎസിലെ പ്രമുഖ ഇ.വി. നിർമ്മാതാക്കളായ ടെസ്‌ലയ്ക്ക് ഇതുവരെ ഈ സബ്‌സിഡികൾ വലിയ രീതിയിൽ പ്രയോജനം ചെയ്തിരുന്നു.