ഇസ്രയേൽ സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് മുസ്ലീം പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സാമി ഹംദിയെ കസ്റ്റഡിയിലെടുത്ത് ഐസിഇ; തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് വിശദീകരണം

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് മുസ്ലീം പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സാമി ഹംദിയെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ പിടികൂടിയിരിക്കുന്നത്. ദി ഇന്റര്‍നാഷണല്‍ ഇന്ററസ്റ്റ് എന്ന മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിക്കുകയാണ് സാമി ഹംദി. 2022 ല്‍ അല്‍ ജസീറയ്ക്ക് അദ്ദേഹം ലേഖനങ്ങള്‍ നല്‍കിയിട്ടുണ്ട്.

സാമിയുടെ വിസ റദ്ദാക്കിയെന്നും അദ്ദേഹം ഇപ്പോഴും ഐസിഇ കസ്റ്റഡിയില്‍ തുടരുകയാണെന്നും ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (ഡിഎച്ച്എസ്) അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്ലിന്‍ വ്യക്തമാക്കി. തീവ്രവാദത്തെ പിന്തുണയ്ക്കുകയും അമേരിക്കന്‍ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നവരെ ഈ രാജ്യത്ത് ജോലി ചെയ്യാനോ ഇവിടം സന്ദര്‍ശിക്കാനോ അനുവദിക്കില്ലെന്നും അവര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം, സാമി ഹംദിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയമിനെയും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും അവര്‍ പ്രശംസിക്കുകയും ചെയ്തു.

”പ്രസിഡന്റ് ട്രംപിന് കീഴില്‍, തീവ്രവാദത്തെ പിന്തുണയ്ക്കുകയും അമേരിക്കന്‍ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നവരെ ഈ രാജ്യം ജോലി ചെയ്യാനോ സന്ദര്‍ശിക്കാനോ അനുവദിക്കില്ല,” മക്ലാഫ്ലിന്‍ എക്‌സിലൂടെ പറഞ്ഞു.

സാമിയെ തടങ്കലില്‍ വെച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (CAIR) രംഗത്തെത്തി. ഐസിഇ ഏജന്റുമാര്‍ സാമി ഹംദിയെ സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ വെച്ച് തട്ടിക്കൊണ്ടുപോയെന്നും, യുഎസിൽ പര്യടനം നടത്തുന്നതിനിടെ ഇസ്രായേലിനെ വിമർശിച്ചതിനുള്ള പ്രതികാരമായാണ് നടപടിയെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പറയുന്നു.

ICE detains British Muslim journalist and political observer Sami Hamdi

More Stories from this section

family-dental
witywide