
ഷിക്കാഗോ (ഇല്ലിനോയിസ്): ഇല്ലിനോയിസിലെ ബ്രോഡ്‌വ്യൂവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച എട്ട് അടി ഉയരമുള്ള ലോഹ സുരക്ഷാ വേലി നീക്കം ചെയ്യാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. തീവ്രമായ പ്രതിഷേധങ്ങൾക്ക് വേദിയായ ഈ സ്ഥലത്ത് പൊതുവഴിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച വേലി നീക്കാനാണ് കോടതിയുടെ നിർദ്ദേശം. ബ്രോഡ്‌വ്യൂ ഗ്രാമമാണ് വേലിക്കെട്ടിനെതിരെ കോടതിയെ സമീപിച്ചത്. പ്രാദേശിക സർക്കാരിൻ്റെ അനുമതിയോ പെർമിറ്റുകളോ ഇല്ലാതെയാണ് വേലി ഒരു പൊതു റോഡിന് കുറുകെ സ്ഥാപിച്ചതെന്ന് ഫയൽ ചെയ്ത കേസിൽ പറയുന്നു.
“ബീച്ച് സ്ട്രീറ്റിലെ പ്രവേശനം തടസപ്പെടുത്തിക്കൊണ്ട് വേലി സ്ഥാപിക്കാനുള്ള പ്രതികളുടെ ഏകപക്ഷീയമായ തീരുമാനം അവരുടെ നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണ്,” ബൈഡൻ്റെ നോമിനിയായ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലാഷോണ്ട ഹണ്ട് വ്യാഴാഴ്ച പുറപ്പെടുവിച്ച രേഖാമൂലമുള്ള വിധിയിൽ വ്യക്തമാക്കി. എന്നാൽ, ബ്രോഡ്‌വ്യൂ അധികൃതരാണ് ഈ സാഹചര്യത്തിന് ഉത്തരവാദിയെന്ന് ഐസ് ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് ആരോപിച്ചു.
“പ്രാദേശിക ഭരണകൂടത്തിന്‍റെ നിഷ്ക്രിയത്വം കാരണം പ്രതിഷേധക്കാർ അക്രമം വർദ്ധിപ്പിക്കുകയും, ഫെഡറൽ ഓഫീസുകൾക്കും ഫസ്റ്റ് റെസ്‌പോണ്ടർമാർക്കും ബ്രോഡ്‌വ്യൂ നിവാസികൾക്കും ഭീഷണിയാവുകയും ചെയ്തു,” ലിയോൺസ് ഗ്രാമ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ കുറിച്ചു. “ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണ നൽകിയിരുന്നെങ്കിൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള… ഈ നടപടി ആവശ്യമായി വരില്ലായിരുന്നു.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.