ഇംഗ്ലീഷ് അറിയില്ലെങ്കിൽ വണ്ടി ഓടിക്കേണ്ട! കടുപ്പിച്ച് യുഎസ്, ഇന്ത്യൻ ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി; 7,200 ട്രക്ക് ഡ്രൈവർമാരെ അയോഗ്യരാക്കി

ന്യൂയോർക്ക്: ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ട ഇന്ത്യൻ വംശജരടക്കമുള്ള 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ യു.എസ്. റോഡുകളിൽ നിന്ന് അയോഗ്യരാക്കി. നിരത്തുകളിലെ അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പിന്‍റെ മേൽനോട്ടത്തിൽ പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കിയത്.

നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ അനുസരിച്ച്, യു.എസിൽ 1,30,000 മുതൽ 1,50,000 വരെ ഇന്ത്യൻ വംശജരായ ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഗണ്യമായ ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാരിന്റെ ഈ നടപടികളെന്നാണ് വിലയിരുത്തൽ. തത്സമയ റോഡ്‌സൈഡ് ഭാഷാ പ്രാവീണ്യ പരിശോധനകളിൽ പരാജയപ്പെട്ട 7,248 ഡ്രൈവർമാരെ വിലക്കിയതായി ഒക്ടോബർ 30ന് യു.എസ്. ഗതാഗത സെക്രട്ടറി സീൻ ഡുഫി അറിയിച്ചു.

ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്.എം.സി.എസ്.എ) നൽകിയ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ 1,500 ഡ്രൈവർമാർക്കാണ് ഇത്തരം നടപടി നേരിട്ടത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് റോഡരികിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചിരുന്നു. അപകടം നടത്തിയ ഇന്ത്യൻ വംശജനായ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി.

ഇയാൾക്ക് കാലിഫോർണിയ കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടായിരുന്നെങ്കിലും, ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിരവധി തവണ പരാജയപ്പെട്ടിരുന്നതായി അധികൃതർ വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് കാലിഫോർണിയയിലെ ലിബറൽ നയങ്ങൾക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.

More Stories from this section

family-dental
witywide