
വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ ഫെഡറല്‍ ജഡ്ജിയെ സമീപിച്ചു.
മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംഘര്‍ഷവും രാഷ്ട്രീയ അസ്ഥിരതയും നിറഞ്ഞ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയെന്ന് സൂചനകള്‍ ലഭിച്ചതായി മസാച്യുസെറ്റ്‌സിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ അടിയന്തരമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ബ്രയാന്‍ മര്‍ഫി പുറപ്പെടുവിച്ച വിധി നേരിട്ട് ലംഘിക്കുന്ന നീക്കമാണ് യുഎസ് ഭരണകൂടത്തില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, മൂന്നാം രാജ്യക്കാരായ നാടുകടത്തപ്പെട്ടവരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തുന്നത് നിരോധിക്കണമെന്നും, നീക്കം ചെയ്യലുകള്‍ ഇതിനകം നടന്നിട്ടുണ്ടെങ്കില്‍, അവിടേക്ക് നാടുകടത്തപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ വ്യാപകമായ അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍, സംഘര്‍ഷം എന്നിവയുള്‍പ്പെടെയുള്ളവ തുടരുന്നതിനിടെയാണ് ട്രംപ് ഭരണകൂടം നാടുകടത്തല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദക്ഷിണ സുഡാനിലേക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലെവല്‍ 4 യാത്രാ ഉപദേശമുണ്ട്, ‘കുറ്റകൃത്യം, തട്ടിക്കൊണ്ടുപോകല്‍, സായുധ സംഘര്‍ഷം’ എന്നിവ കാരണം അമേരിക്കക്കാര്‍ക്ക് അവിടേക്ക് യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കക്കാര്‍ക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യത്തേക്കാണ് കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം എത്തിക്കുന്നത് എന്നത് ശ്രദ്ധേയം.