യുഎസിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകളുമായി ട്രക്കുകൾ ഓടിച്ചു; 30 ഇന്ത്യക്കാരെ ഇമിഗ്രേഷൻ ഏജന്റുമാർ അറസ്റ്റ് ചെയ്തു

വാഷിംഗ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഎസ് അതിർത്തി പട്രോൾ വിഭാഗം (US Border Patrol) നടത്തിയ പരിശോധനകളിൽ, രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചുകൊണ്ട് സെമിട്രക്കുകൾ പ്രവർത്തിപ്പിച്ചവരാണ് പിടിയിലായ 30 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവർ.

കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ (El Centro Sector) നടത്തിയ പരിശോധനയിലാണ് വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ (CDL) ഉപയോഗിച്ച് ട്രക്കുകൾ ഓടിച്ചിരുന്ന 49 പേർ പിടിയിലായത്. ഇതിൽ 30 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) അറിയിച്ചു. പിടിയിലായവരിൽ ഭൂരിഭാഗം പേർക്കും കാലിഫോർണിയയിൽ നിന്നാണ് ലൈസൻസ് ലഭിച്ചിരുന്നത്. കൂടാതെ ഫ്ലോറിഡ, ഇല്ലിനോയ്, മിനസോട്ട, ന്യൂയോർക്ക് തുടങ്ങിയ മറ്റ് എട്ട് സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസുകൾ അനുവദിക്കപ്പെട്ടതായി കണ്ടെത്തി.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർക്ക് സംസ്ഥാനങ്ങൾ ലൈസൻസ് നൽകിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന ചില മാരകമായ അപകടങ്ങളിൽ ഇത്തരത്തിൽ നിയമവിരുദ്ധമായി ഡ്രൈവിംഗ് ലൈസൻസ് നേടിയവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. പിടിയിലായവർ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നവരും, വിസ ചട്ടങ്ങൾ ലംഘിച്ചവരമാണെന്ന് റിപ്പോർട്ടുണ്ട്. ഇവരെ പ്രത്യേക ചാർട്ടർ വിമാനം വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ അറസ്റ്റുകൾ “ഓപ്പറേഷൻ ഹൈവേ സെന്റിനൽ” (Operation Highway Sentinel) എന്ന വലിയ എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന്റെ ഭാഗമായിരുന്നു.

അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി അമേരിക്ക ഈ വർഷം വലിയ തോതിലുള്ള നാടുകടത്തൽ നടപടികളാണ് സ്വീകരിക്കുന്നത്. 2024 ജൂൺ മുതൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി 1,60,000-ത്തിലധികം പേരെ യുഎസ് തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Immigration agents arrest 30 Indians for illegally staying in the country and driving trucks with commercial driver’s licenses

More Stories from this section

family-dental
witywide