
ന്യൂഡല്‍ഹി: നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്ന വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍.
അറസ്റ്റിലായ മൂവരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും പണം കൈപ്പറ്റുകയും ചെയ്‌തെന്നാണ് എന്‍ഐയുടെ കണ്ടെത്തല്‍. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.