ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം അഞ്ചാം ദിവസവും അതിശക്തമായി തുടരുന്നു. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന സുരക്ഷാ ആസ്ഥാനങ്ങളും തന്ത്രപ്രധാനമായ കെട്ടിടങ്ങളും ബോംബാക്രമണത്തിൽ പൂർണ്ണമായും തകർന്നു. ഇറാന് പുറമെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ കനത്ത പ്രത്യാക്രമണം അഴിച്ചുവിടുകയാണ്.
അതിനിടെ, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി ഇസ്രയേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമനേയിയുടെ പിൻഗാമിയായി മൊജ്തബയെ തിരഞ്ഞെടുത്ത വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ കനത്ത ബോംബാക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചതായാണ് ടെഹ്‌റാനിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയിലെ നൂറിലേറെ നാവികരെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കടലിൽ കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതോടെ യുദ്ധം ഇന്ത്യൻ മഹാസമുദ്രം ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൻ്റെ ആശങ്കയിലാണ് ലോകം.
Death toll in Iran crosses 1000; Khamenei’s son survives attack















