
ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാൻ ഖാനെ ജയിലിൽനിന്നു മോചിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടി മക്കൾ. പിതാവിൻ്റെ മോചനത്തിനായി മക്കളായ സുലൈമാൻ ഖാനും കാസിം ഖാനുമാണ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ് മോർഗനുമായുള്ള അഭിമുഖത്തിലാണ് സുലൈമാനും കാസിമും ട്രംപിനോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്.
ലണ്ടനിൽ അമ്മയ്ക്കൊപ്പം കഴിയുന്ന സുലൈമാനും കാസിമും ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് പിതാവ് ഇമ്രാൻ ഖാനെക്കുറിച്ച് പരസ്യ പ്രസ്‌താവനകൾ നടത്തി തുടങ്ങിയത്. പാകിസ്ഥാനിലെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച ഇരുവരും ജയിലിൽ കഴിയുന്ന തങ്ങളുടെ പിതാവിൻ്റെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരേയൊരാൾ ട്രംപ് മാത്രമാണ്. പിതാവിനെ കാണാനായി പാകിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടെ എത്തിയാൽ നിലവിലെ സർക്കാർ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ട്രംപും പിതാവ് ഇമ്രാൻ ഖാനും അധികാരത്തിലിരുന്നപ്പോൾ അവർക്കിടയിൽ മികച്ച ബന്ധം നിലനിന്നിരുന്നു. ഞങ്ങളുടെ പിതാവിനെ മോചിപ്പിക്കാനായി ഒരു പ്രസ്താവന നടത്താനോ അല്ലെങ്കിൽ പാകിസ്ഥാനിലെ ഭരണകൂടവുമായി ഏതെങ്കിലും വിധത്തിൽ സംസാരിക്കാനോ ട്രംപിന് കഴിഞ്ഞാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും’ കാസിം പറഞ്ഞു.’അത് ചെയ്യാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായ അദ്ദേഹവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൽനിന്ന് സഹായവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് സുലൈമാനും പറഞ്ഞു.