
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളുടെ ചെറിയ കൂട്ടായ്മയിൽ റോയിട്ടേഴ്സ്, ബ്ലൂംബെർഗ് ന്യൂസ് എന്നിവയുൾപ്പെടെയുള്ള വയർ സർവീസുകൾക്ക് സ്ഥിരമായ സ്ഥാനം ഇനി ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്. ചോദ്യങ്ങൾ ചോദിക്കാനും തത്സമയം അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യാനും ആർക്കൊക്കെ അവസരം ലഭിക്കണമെന്നുള്ള കാര്യത്തിൽ കൂടുതൽ നിയന്ത്രിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
പ്രസ് പൂളിൽ നിന്ന് നേരത്തെ ഒഴിവാക്കിയതിനെതിരെ മറ്റൊരു വയർ സർവീസായ അസോസിയേറ്റഡ് പ്രസ് കൊണ്ടുവന്ന കോടതി വ്യവഹാരത്തിൽ ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തീരുമാനം എന്നുള്ളതാണ് ശ്രദ്ധേയം. പ്രസിഡന്റ് എവിടെ പോയാലും അദ്ദേഹത്തെ പിന്തുടരുന്ന ഏകദേശം 10 ഔട്ട്‌ലെറ്റുകളാണ് സാധാരണയായി പൂളിൽ ഉണ്ടാകുക. അത് ഓവൽ ഓഫീസിലെ മീറ്റിംഗിലായാലും, അവിടെ അദ്ദേഹം പ്രസ്താവനകൾ നടത്തുകയോ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ ചെയ്താലും, നാട്ടിലോ വിദേശത്തോ ഉള്ള യാത്രകളിലായാലും ഈ മാധ്യമങ്ങൾ ഒപ്പമുണ്ടാകും.
പുതിയ നയം അനുസരിച്ച്, വയർ സർവീസുകൾക്ക് പൂളിലെ പതിവ് സ്ഥാനം നഷ്ടപ്പെടുകയും ഏകദേശം 30 മറ്റ് പത്ര, അച്ചടി ഔട്ട്‌ലെറ്റുകളുമായി വലിയ റൊട്ടേഷന്റെ ഭാഗമാകുകയും ചെയ്യും. മറ്റ് വാർത്താ സ്ഥാപനങ്ങൾക്കും വായനക്കാർക്കും തത്സമയ വിവരങ്ങൾ നൽകുക എന്നതാണ് അവരുടെ ദൗത്യം എന്നതിനാൽ, മിക്ക ഔട്ട്‌ലെറ്റുകളെക്കാളും ദിവസവും പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും വയർ സർവീസുകൾ പിന്തുടർന്നിരുന്നു. വാഷിംഗ്ടണിൽ പ്രവർത്തനങ്ങളില്ലാത്ത പ്രാദേശിക വാർത്താ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾക്കും വീഡിയോയ്ക്കും ഓഡിയോയ്ക്കും വയർ സർവീസുകളെയാണ് ആശ്രയിക്കുന്നത്.