മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലേകകപ്പിൽ മുത്തമിട്ട് ഇന്ത്യ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ ഇന്ത്യൻ പെൺപുലികൾ കുറിച്ചത് പുതുചരിത്രം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കന്നി കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി വീറോടെ പൊരുതിയാണ് കപ്പിൽ മുത്തമിട്ടത്. ഓപ്പണാറായി ഇറങ്ങി 87 റൺസ് അടിച്ചു കൂട്ടുകയും ബൗളിങ്ങിൽ 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷെഫാലി വർമ്മയാണ് കലാശക്കളിയിലെ താരം. ടൂർണമെന്റിൽ ഒന്നാകെ തിളങ്ങുകയും ഫൈനലിൽ അർധ സെഞ്ചുറിയും 5 വിക്കറ്റും നേടിയ ദീപ്തി ശർമ്മയാണ് ലോകകപ്പിലെ താരം.
ഇന്ത്യക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തുടക്കം പ്രതീക്ഷയ്ക്കൊത്ത് കളറായില്ല.75 തികയും മുൻപേ 2 വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണിംഗിൽ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും ടസ്മിന്‍ ബ്രിട്ട്സും ചേര്‍ന്ന് 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടസ്മിന്‍ ബ്രിട്ട്സിന്റെ (23) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം.
പിന്നാലെ അന്നകെ ബോഷും മടങ്ങി. പിറകെ വന്ന സ്യൂൺ ല്യൂസ്,മരിസാന്നെ ക്യാപ്പ്, സിനലോ ജഫ്റ്റ എന്നിവരും പുറത്തായി. ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും സെഞ്ച്വറി തികച്ചെങ്കിലും അത് പ്രോട്ടീസിന് ഗുണമായില്ല.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗംഭീര തുടക്കത്തോടെയാണ് ഇന്ത്യ കളി തുടങ്ങിയത്. ജമീമയടക്കം പലർക്കും വലിയ രീതിയിൽ കരുത്ത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച ടോട്ടൽ കണ്ടെത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. ഓപ്പണിംഗിൽ സ്മൃതി മന്ദാന- ഷെഫാലി വർമ കൂട്ടുകെട്ടിൽ 104 റൺസാണ് ചേർത്തത്. സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ കിടയറ്റ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20ഉം അമന്‍ജോത് കൗര്‍ 12ഉം റണ്‍സെടുത്തു. രാധ യാദവ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.













