
ഡൽഹി: അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ആഴശ്യപ്പെട്ട് ഇന്ത്യ. തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങൾ മാത്രമാണ് അമേരിക്ക ഇതുവരെ നൽകിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങളും നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. തിരിച്ചയക്കുന്നവരുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണം. 298 ഇന്ത്യക്കാരുടെ വിവരങ്ങൾ മാത്രമേ ഇതുവരെ അമേരിക്ക കൈമാറിയിട്ടുള്ളൂ. ബാക്കിയുള്ള 189 പേരുടെ കൂടി വിവരങ്ങൾ ഇന്ത്യ തേടുകയായിരുന്നു.













