
റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരാട്ടത്തിൽ ലാറയുടെ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് സച്ചിന്‍റെ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. വിൻഡീസ് മാസ്റ്റേഴ്സ് ഉയർത്തിയ 149 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 50 പന്തില്‍ 74 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സ് നേടി നിർണായക സംഭാവന നൽകി.
റായുഡു – സച്ചിന്‍ സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് നേടി. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 18 പന്തുകള്‍ നേരിട്ട സച്ചിന്‍ ഒരു സിക്‌സും രണ്ട് ഫോറും നേടിയാണ് മടങ്ങിയത്. തുടര്‍ന്നെത്തിയ ഗുര്‍കീരത് സിംഗ് മന്‍ (14) പെട്ടന്ന് മടങ്ങി. അഷ്‌ലി നഴ്‌സിനായിരുന്നു വിക്കറ്റ്. 15-ാം ഓവറില്‍ റായുഡുവും പവലിയനിലെത്തിയെങ്കിലും ടീം വിജയമുറപ്പിച്ചിരുന്നു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്‌സ്. റായുഡുവിന് പിന്നാലെ ക്രീസിലെത്തിയ യൂസഫ് പഠാന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. എന്നാല്‍ യുവരാജ് സിംഗ് (13), സ്റ്റുവര്‍ട്ട് ബിന്നിയെ (16) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 148 റൺസ് നേടിയത്. ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ബ്രയാന്‍ ലാറ (6) – സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴാം ഓവറില്‍ വില്യം പെര്‍ക്കിന്‍സ് (6) മടങ്ങി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അധികം വൈകാതെ അപകടകാരിയായ സ്മിത്തിനെ തിരിച്ചയക്കാനും നദീമിന് സാധിച്ചു. രണ്ട് സിക്‌സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി വിന്‍ഡീസ്. രവി രാംപോള്‍ (2), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് സിമോണ്‍സ് പിടിച്ചുനിന്നത് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്. അവസാന ഓവറിലാണ് സിമോണ്‍സ് മടങ്ങുന്നത്. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. വിനയ് കുമാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അഷ്‌ലി നഴ്‌സും (1) വിനയ് കുമാറിന്റെ പന്തില്‍ പുറത്തായി. ധനേഷ് രാംദിന്‍ (12) പുറത്താവാതെ നിന്നു.














