
വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും മോശം കാലാവസ്ഥയിലും വ്യാപക നാശനഷ്ടം. തെക്കൻ മിഷിഗണിലാണ് ഏറ്റവും പുതിയതായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മിഷിഗണിൽ നാഷണൽ വെതർ സർവീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
അമേരിക്കയിലെ ഏകദേശം 70 ദശലക്ഷത്തോളം ജനങ്ങൾ നിലവിൽ കടുത്ത കാലാവസ്ഥാ ഭീഷണിയിലാണ്. ടെക്സാസ്, ഒക്ലഹോമ, കാൻസസ്, നെബ്രാസ്ക, മിസോറി, അയോവ എന്നീ ആറ് സംസ്ഥാനങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പ് നിലവിലുണ്ട്. മിസോറിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കലാമസൂ മേഖലയിൽ അതിശക്തമായ കൊടുങ്കാറ്റാണ് അനുഭവപ്പെട്ടത്. ത്രീ റിവേഴ്സ്, യൂണിയൻ സിറ്റി എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്കും മരങ്ങൾക്കും വൻതോതിൽ നാശമുണ്ടാകുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. സ്ഥിതിഗതികൾ നേരിടാൻ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ അടിയന്തര രക്ഷാസേനയെ വിന്യസിച്ചു. ഒക്ലഹോമയിലെ മേജർ കൗണ്ടിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റിൽ പെട്ട് കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു. ഇവരുടെ വാഹനം ചുഴലിക്കാറ്റിൽ തകർന്ന നിലയിലായിരുന്നു.
മഞ്ഞുവീഴ്ചയും ഐസും
കൊളറാഡോ മുതൽ മിനസോട്ട വരെയുള്ള ഭാഗങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൻവർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രണ്ട് മുതൽ നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിന്റർ വെതർ അഡ്വൈസറി പുറപ്പെടുവിച്ചു. ടെക്സാസ് മുതൽ വിസ്കോൺസിൻ വരെയുള്ള വിശാലമായ പ്രദേശങ്ങളിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത തുടരുകയാണ്.
Storm in America: Massive damage in Michigan; 70 million people on alert










